ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും മനോജ് സിന്‍ഹ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കിയതായും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരിക്കാനാകില്ലെന്ന നിലപാടിലാണ് മനോജ് സിന്‍ഹ. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു നല്ല വാര്‍ത്ത വരും. എന്നാല്‍ ഒരു പ്രത്യേക തീയതി വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ ഭീകരസംഘടനകളുടെ തലപ്പത്തുള്ളവര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ അറിയിച്ചു. രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തെന്നും മനോജ് പറഞ്ഞു.
Read more
ഇന്ത്യന്‍ സൈന്യത്തിന് ഒരു തെളിവും നല്‍കേണ്ട ആവശ്യമില്ല. പാകിസ്ഥാന്‍ പല അവകാശവാദങ്ങളും ഉന്നയിച്ചെങ്കിലും ലോകത്തിന് മുന്നില്‍ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും സൈന്യം പ്രകടിപ്പിച്ച കരുത്ത് പ്രശംസനീയമാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.