ഈ പുതുവത്സരദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടില്ല, കാരണം ഇതാണ്

ഈ പുതുവത്സരദിനം ബുര്‍ജ് ഖലീഫയെ സംബന്ധിച്ച് ചില പ്രത്യേകതകളുണ്ട്. എല്ലാത്തവണത്തെയും പോലെ ഇത്തവണ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവുമില്ല. പകരം, ഇത്തവണ സ്‌പെഷ്യല്‍ ലൈറ്റ് ഷോയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സ്‌പെഷ്യല്‍ ലൈറ്റ് ഷോ നടത്തുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയാല്‍ യുഎഇയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു വകകൂടിയായി.

യുഎഇ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ സ്മരിക്കാനും രാജ്യത്തിന്റെ പിതാവ് ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരം അര്‍പ്പിച്ചുമാണ് യുഎഇ സ്‌പെഷ്യല്‍ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. 2018നെ ഇയര്‍ ഓഫ് സയ്ദായി അടയാളപ്പെടുത്താനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്.

ലോകവ്യാപകമായി ടെലിവിഷനില്‍ ഈ ഇവന്റുകള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള സംവിധാനവും യുഎഇ ശ്രമിക്കുന്നുണ്ട്. മൈ ഡുബായ് ന്യൂ ഇയര്‍ എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.