വീണ്ടും വനിതകള്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനവുമായി സൗദി; സ്ത്രീകള്‍ക്ക് ഇനി റസ്റ്റോറന്റുകളിലും ജോലി ചെയ്യാം

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി റസ്റ്റോറന്റുകളിലും ജോലി ചെയ്യാം. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ പദ്ധതിയുടെ ട്രയല്‍ നടത്തുന്നതിന്റെ ഭാഗമായി 16 റസ്റ്റോറന്റുകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കും.

ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയായിരിക്കും 16 റസ്റ്റോറന്റുകളില്‍ ജോലിക്ക് നിയമിക്കുന്നത്. റിയദ് അമീറിന്റെ ഭാര്യ പ്രിന്‍സ് നൗറാ ബിന്റ് മുഹമ്മദിനാണ് പദ്ധതിയുടെ ചുമതല.

പരീക്ഷണ അടിസ്ഥാനത്തില്‍ ഞങ്ങള്‍ 16 റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കും. ഈ മേഖലയില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കാനായി റസ്റ്റോറന്റ് ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന ഹുദ അല്‍ ജിറസി പറഞ്ഞു.

നിലവില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 33 ശതമാനമാണ്. രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ 12 ശതമാനമാണ്. രാജ്യത്ത് ജൂണ്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.