സൗദിയുടെ യാഥാസ്ഥിതിക മുഖം മാറുന്നു; രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു

സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കി. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ആദ്യ തിയറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാദ് അറിയിച്ചു.

1980 കളിലാണ് മുസ്ലീം രാജ്യമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് അന്ന് സിനിമ നിരോധിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാക്കാന്‍ സിനിമാ വ്യവസായത്തിനു സാധിക്കുമെന്നും, എണ്ണവിലയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും തിരച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ സൗദിഭരണകൂടം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.