സൗദിയും കുവൈറ്റും സംയുക്ത എണ്ണഖനനം നിര്‍ത്തിവെയ്ക്കുന്നു

കോവിഡ് പ്രതിസന്ധിയില്‍ എണ്ണവില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് സൗദിയും കുവൈറ്റും സംയുക്ത എണ്ണ ഖനനം നിര്‍ത്തിവെയ്ക്കുന്നു. ഉത്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശത്തെ ന്യൂട്രല്‍ സോണില്‍ സംയുക്ത എണ്ണ ഖനനം ജൂണ്‍ മുതല്‍ താത്കാലികമായി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സൗദിയിലെ ഖഫ്ജി, കുവൈറ്റിലെ വഫ്‌റ എണ്ണപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശമാണ് ‘ന്യൂട്രല്‍ സോണ്‍’. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. ഏപ്രിലില്‍ ഇവിടെ നിന്ന് പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂപപ്പെടുന്നതും എണ്ണ വില കൂപ്പുകുത്തുന്നതും.

എത്ര കാലത്തേയ്ക്കാണ് ഉത്പാദനം നിര്‍ത്തി വെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5770 ചതുരശ്ര കിലോമീറ്റര്‍ ഭാഗമാണ് ന്യൂട്രല്‍ സോണ്‍ ആയി കണക്കാക്കുന്നത്. ഖഫ്ജിയില്‍ 2014 ഒക്‌ടോബറിലും വഫ്രയില്‍ 2015 മേയിലുമാണ് ഉത്പാദനം ഇതിനു മുമ്പ് നിര്‍ത്തിവെച്ചത്.