വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍. ഇതില്‍ എട്ട് സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ഓഗസ്റ്റ് ആറിനാണ് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുക.

ഒമാനില്‍ നിന്ന് കൊച്ചിയിലേക്ക് നാല് സര്‍വീസും തിരുവനന്തപുരത്തേക്ക് രണ്ടെണ്ണവും കണ്ണൂരിലേക്കും കോഴിക്കോടേക്കും ഓരോന്ന് വീതവുമാണ് ഉള്ളത്. സലാലയില്‍ നിന്ന് രണ്ട് സര്‍വീസുകളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കുമാണ് ഈ സര്‍വീസുകള്‍.

ഒമാനില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വീസുകളുടെ എണ്ണം ഇതിനോടകം നൂറ് കഴിഞ്ഞു. മെയ് ആദ്യത്തിലാണ് ഒമാനില്‍ നിന്ന് വന്ദേ ഭാരത് സര്‍വീസുകള്‍ തുടങ്ങിയത്. വന്ദേ ഭാരത് വിമാനങ്ങളിലായി 17,130 മുതിര്‍ന്നവരും 272 കുട്ടികളുമാണ് നാടണഞ്ഞതെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.

വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളിലായി ഇതുവരെ ഏതാണ്ട് 53000-ത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഏകദേശം 36000-ത്തോളം പേരാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങിയത്.