വിസ കച്ചവടക്കാരുടെ തട്ടിപ്പിന് ഇരയായവരിൽ കൂടുതലും മലയാളികളെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസഡർ

സമീപകാലത്ത് വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ടവരിൽ കൂടുതലും മലയാളികളെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്.

നിലവിൽ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നെത്തിയ ഗാർഹിക ജോലിക്കാരാണ്. ഇവർ വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ടവരാണന്നും അംബാസഡർ പറഞ്ഞു. ഇന്ത്യൻ എംബസി നടത്തിയ ഓപ്പൺ ഹൗസിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം 15 നും 20 നും ഇടയിൽ ആയിരുന്ന എണ്ണം ഇപ്പോൾ നൂറ് കവിഞ്ഞിരിക്കുകയാണ്. എൺപതോളം സ്ത്രീകളും ഇരുപതിലേറെ പുരുഷന്മാരുമാണ് ഇപ്പോൾ എംബസി ഷെൽട്ടറിൽ ഉള്ളത്. ഇവരിൽ കൂടുതൽ പേരും മലയാളികളും, ഈ വർഷം പുതുതായി കുവൈത്തിൽ എത്തിയവരുമാണെന്നും അദ്ദേഹം പറഞ്ഞു

കേസ് നിലവിലില്ലാത്തവരും നാട്ടിൽ പോകാൻ തയാറുള്ളവരുമായവരെ എത്രയും വേഗത്തിൽ നാട്ടിൽ തിരിച്ചയക്കാൻ എംബസി ശ്രമിക്കുന്നുണ്ട്. തൃപ്തികരമായ അന്തരീക്ഷത്തിലാണ് അന്തേവാസികൾ അഭയകേന്ദ്രത്തിൽ കഴിയുന്നത്. എംബസിയുടെ നിരീക്ഷണവും മേൽനോട്ടവും അഭയകേന്ദ്രത്തിന് മേലുണ്ട്.

അംബാസഡർ കഴിഞ്ഞ ദിവസം അഭയകേന്ദ്രം സന്ദർശിച്ചിരുന്നു. എല്ലാവരെയും നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നാട്ടിലയക്കുമെന്നും അദ്ദേഹം അറിയിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഓപ്പൺ ഹൗസിൽ കുവൈത്തിലെ പ്രവാസി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും അടക്കം പങ്കെടുത്തിരുന്നു.