പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തും; തീരുമാനവുമായി കുവെെറ്റ്

പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് കുവെെറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയോൺമെന്റ് അതോറിറ്റിയുടെ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധന നടപടികൾ സജീവമാക്കാൻ ഇൻസ്പെക്ഷൻ ആൻഡ് കണ്ട്രോൾ വകുപ്പിന് നിർദേശം നൽകിയതായി അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് പറഞ്ഞു.

പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്.കുവൈറ്റ് ഉൾക്കടലിൽ മത്സ്യബന്ധനം, നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം തള്ളൽ, മണൽ മോഷണം എന്നിവ അതീവ ഗൗരവമുള്ള കുറ്റമാണ്. ഇത്തരം നിയമലംഘകർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് ചൂണ്ടിക്കാട്ടി.

Read more

നിയമം ലംഘിക്കുന്നവരെ പിഴയോ മുന്നറിയിപ്പോ മാത്രം നൽകി വിട്ടയക്കരുതെന്നും അദ്ദേഹം ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. പകരം ലംഘനത്തിന്റെ പരിശോധനാ റിപ്പോർട്ട് തയ്യാറാകുകയും നിയമലംഘകന്റെ സിവിൽ ഐഡി പിടിച്ചെടുത്തു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും വേണം. നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കാനും പരിസ്ഥിതി അതോറിറ്റി ഡയറക്ടർ നിർദേശം നൽകി.