ദുബായ് ബസ്സപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

ദുബായില്‍ ബസ്സപകടത്തില്‍ മരിച്ച 17 പേരുടെ   മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടു പോയി തുടങ്ങി. 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം രാവിലെ 7.40ന്റെ എയര്‍ ഇന്ത്യയില്‍ നെടുമ്പാശേരിയിലെത്തിക്കും.

തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആദ്യം ബന്ധുക്കള്‍ക്ക് കൈമാറിയത്. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇനി പാസ്‌പോര്‍ട്ട് റദ്ദാക്കലാണ് അടുത്ത നടപടി. ദുബായി ഇന്ത്യന്‍ കോണ്‍സലേറ്റ് എമര്‍ജന്‍സി പാസ്‌പോര്‍ട്ടായ വൈറ്റ് പാസ്‌പോര്‍ട്ട് അനുവദിച്ച് കാന്‍സലേഷന്‍ രേഖപ്പെടുത്തി കഴിഞ്ഞു. ഇനി മൃതദേഹങ്ങള്‍ വിട്ടുകിട്ടാനുള്ള സമ്മതപത്രം റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചു കഴിഞ്ഞാല്‍ മൃതദേഹങ്ങള്‍ സോനാപൂരിലെ എംബാമിംഗ് സെന്ററിലേക്ക് മാറ്റും.

ഒരാളുടെ മൃതദേഹം 40 മിനിട്ടിനുള്ളില്‍ എംബാം ചെയ്യാനാകും. രാത്രിയോടു കൂടി ബാക്കിയുള്ള 11 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലേക്ക് കയറ്റി വിടാനാകുമെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടു കൂടി നടപടിക്രമങ്ങള്‍ തുടങ്ങും.

അപകടത്തില്‍ എട്ട് മലയാളികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഒമാനിലെ മസ്‌കറ്റില്‍ നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ബസ്സുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബസ്സിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ബസ്സിലുണ്ടായിരുന്നത്.