ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നെന്നുവെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തില്‍ യു.എസ് ഫെഡറല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യയുടെ വിമര്‍ശനം. ഇന്ത്യയെക്കുറിച്ച് അറിയാതെയാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് യു.എസ്. അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ അറിയിച്ചു.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെയും ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെയും അസന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ് യു.എസ്. ചെയ്തതെന്നും റഷ്യ ആരോപിച്ചു.

യു.എസ് സ്റ്റേറ്റ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു. ഇന്ത്യയും ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വന്നിരുന്നു.

നേരത്തെ വിദേശികളോടുള്ള വെറുപ്പും ഭയവും ( സീനോഫോബിയ ) ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിടുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കുടിയേറ്റം യു.എസിന്റെ സമ്ബദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്‌തെന്നും ബൈഡന്‍ വാഷിംഗ്ടണില്‍ ഏഷ്യന്‍ അമേരിക്കന്‍, നേറ്റീവ് ഹവായിയന്‍, പസഫിക് ഐലന്‍ഡര്‍ ഹെറിറ്റേജ് മാസത്തോട് അനുബന്ധിച്ച പരിപാടിയില്‍ പറഞ്ഞു. നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബൈഡന്‍ എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു.

Read more

നേരത്തേ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരേ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച് മനസിലാക്കി വേണം പ്രതികരണം എന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. ഇതിനു പിന്നാലെയാണ് മതസ്വാതന്ത്യ കമ്മിഷന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമാണ് മോദിക്കുള്ളത്. റഷ്യ, യുക്രൈയിന്‍ സംഘര്‍ഷത്തിലും ഇന്ത്യ പുടിന്റെ കൂടെ നിന്നിരുന്നു.