‘അത് വെറും കണ്ണിൽ പൊടിയിടൽ, ഞങ്ങൾ ഇത് വിശ്വസിക്കുന്നില്ല’ ; ഹാഫിസ് സയിദിന്റെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് അമേരിക്ക

ലഷ്കർ – ഇ –  തോയ്ബ തലവൻ ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള പാക് തന്ത്രമെന്ന് അമേരിക്ക. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് നാടകീയമായി സയിദിനെ അറസ്റ്റ് ചെയ്തത്.  ഏതാനും മാസം മുൻപ് ഐക്യ രാഷ്ട്ര സംഘടന ഹാഫിസ് സയിദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

‘ഇതിനു മുൻപും അയാളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അയാളുടെയോ,  ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തനത്തിന് ഇതുമൂലം ഒരു മാന്ദ്യവും സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ അറസ്റ്റ് കണ്ണിൽ പൊടിയിടൽ മാത്രമാണ്’  – യു എസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അറസ്റ്റല്ല,  ശക്തമായ നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

2001നു ശേഷം ഏഴു തവണ സയീദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ, ഹഖാനി നെറ്റ് വർക്ക് തുടങ്ങിയ ഭീകര സംഘടനകൾ പാക്സിതാനിൽ സജീവമാണ്. അതുകൊണ്ട് ഭീകരവാദത്തിനെതിരായ പാക് നടപടികൾ സംശയത്തിന്റെ നിഴലിലാണെന്ന്  അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഗ്രൂപ്പുകളും പാക് മിലിറ്ററിയും തമ്മിലുള്ള ബന്ധങ്ങളിൽ ഞങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. അതുകൊണ്ട് ഹാഫിസ് സായിദിന്റെ അറസ്റ്റിനെ അമേരിക്ക അത്ര കാര്യമായി എടുക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയ ഭീകര പ്രവർത്തനങ്ങളുടെ മുഖ്യ ആസൂത്രകനാണ് ഹാഫിസ് സയിദ്.