റഷ്യന്‍ യുദ്ധക്കപ്പല്‍ കരിങ്കടലില്‍ മുക്കി; ജലഡ്രോണുകള്‍ പ്രയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുക്രെയ്ന്‍ സേന; പ്രതികരിക്കാതെ പുട്ടിന്‍

റഷ്യന്‍ യുദ്ധക്കപ്പല്‍ കരിങ്കടലില്‍ മുക്കിയതായി അവകാശപ്പെട്ട് യുക്രെയ്ന്‍.
അധിനിവേശ ക്രിമിയന്‍ തീരത്താണ് റഷ്യന്‍ യുദ്ധക്കപ്പല്‍ മുക്കിയിരിക്കുന്നത്.
ഇതിന് പിന്നാലെ സീസര്‍ കുനിക്കോവ് എന്ന ലാന്‍ഡിംഗ് ഷിപ്പിനു നേരേ ജലഡ്രോണുകള്‍ പ്രയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യുക്രെയ്ന്‍ സേന വെളിയില്‍ വിട്ടിട്ടുണ്ട്. പട്ടാളക്കാരെ അതിവേഗം യുദ്ധഭൂമിയില്‍ വിന്യസിക്കാന്‍ സഹായിക്കുന്ന കപ്പിനെതിരെയാണ് ആക്രമണം നടന്നിരിക്കുന്നത്.

യുക്രയിനെതിരെയുദ്ധം ആരംഭിച്ചശേഷം റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ വിഭാഗം ഇടതടവില്ലാതെ ആക്രമണം നേരിടുന്നുണ്ട്. രണ്ടാഴ്ച മുന്പ് ചെറിയ യുദ്ധക്കപ്പലിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി. ഡിസംബറില്‍ നൊവോചെര്‍കാസ്‌ക് എന്ന മറ്റൊരു ലാന്‍ഡിംഗ് ഷിപ്പും ആക്രമണം നേരിട്ടു. ഇതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി യുക്രയിന്‍ രംഗത്തെത്തയിരിക്കുന്നത്.

എന്നാല്‍, കപ്പല്‍ ആക്രമിക്കപ്പെട്ടകാര്യം റഷ്യയും വ്‌ളാദിമിര്‍ പുട്ടിനും ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, യുദ്ധമുഖത്ത് യുക്രയിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് യുക്രെയ്‌നിലെ പുതിയ സൈനിക മേധാവി ഒലക്‌സാണ്ടര്‍ സിറിസ്‌കി പറഞ്ഞു. യുദ്ധമുന്നണിയിലെ സ്ഥിതിവിശേഷം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണ്. ആള്‍ബലം റഷ്യന്‍ സേനയ്ക്കു മുന്‍തൂക്കം നല്കുന്നതായി അദ്ദേഹം വ്യക്തമാക്കി.