'ഇറാന് മുകളിലൂടെ പറന്നത് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ'; ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ റൂട്ട് മാറ്റി കൊച്ചി-ലണ്ടന്‍ വിമാനം

ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാന് മുകളിലൂടെ പറന്നത് 2 എയർ ഇന്ത്യ വിമാനങ്ങളെന്ന് റിപ്പോർട്ട്. ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പറന്നതായാണ് റിപ്പോർട്ട്. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് ദേശീയ മാധ്യമമായ ഹിന്ദുസ്‌ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ന്യൂയോർക്കിൽനിന്നു മുംബൈയിലേക്കുള്ള 116 നമ്പർ വിമാനവും മുംബൈ-ലണ്ടൻ 131 നമ്പർ എയർ ഇന്ത്യ വിമാനവുമാണ് ഏപ്രിൽ 13, 14 തീയതികളിൽ പേർഷ്യൻ ഗൾഫിനും ഗൾഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്നാണ് റിപ്പോർട്ട്. മുന്നുറോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണിത്. ഏപ്രിൽ 13ന് ഇറാന്റെ വ്യോമമേഖലയിൽ വിമാനങ്ങൾ പറക്കുന്നതിന് യാതൊരു നിയന്ത്രണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വിവിധ സുരക്ഷാ ഏജൻസികളുമായി നിരന്തരം ബന്ധപ്പെട്ടാണ് സർവീസുകൾ ക്രമീകരിക്കുന്നതെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മലേഷ്യ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് എന്നീ കമ്പനികളും ഏപ്രിൽ 13ന് ഇറാൻ്റെ വ്യോമമേഖലയിലൂടെ സർവീസ് നടത്തിയിരുന്നു. എന്നാൽ ചില കമ്പനികൾ ശനിയാഴ്ച‌യ്ക്ക് ശേഷം റൂട്ട് മാറ്റിയാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ തന്നെ ഏപ്രിൽ 13ന് ചില സർവീസുകളിൽ മാറ്റം വരുത്തിയിരുന്നു. കൊച്ചി-ലണ്ടൻ 149 നമ്പർ വിമാനവും ഡൽഹി-ഫ്രാങ്ക്ഫർട്ട് 121 വിമാനവും അഫ്ഗാനിസ്ഥാൻ വഴിയാണ് സർവീസ് നടത്തിയത്.