ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം കടന്നു, മരണം 3,39,907; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കോവിഡ് സ്ഥീരികരിച്ച് ചികില്‍സയിലുള്ളവര്‍ 53,01,408 പേരാണ്. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് ഒരു ലക്ഷത്തോളം പേര്‍ക്കാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39,907 ആയി. ഇന്നലെ മാത്രം മരിച്ചത് 5243 പേരാണ്. ലോകത്ത് 21,58,463 പേര്‍ ഇതുവരെ രോഗമുക്തി നേടി.

അതേ സമയം യൂറോപ്പിനും അമേരിയ്ക്കക്കും പിന്നാലെ മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. അമേരിക്കക്ക് പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവും . കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് സംഭവിച്ച അയ്യായിരത്തില്‍ പരം മരണത്തില്‍ പകുതിയിലേറെയും അമേരിക്കയിലും ബ്രസീലുമാണ്. നാല്‍പ്പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം ഇരു രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ 1283 ജീവനാണ് കോവിഡ് മൂലം പൊലിഞ്ഞത്. ചികില്‍സയിലുള്ളവരില്‍ 44584 പേരുടെ നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുഎസില്‍ 24 മണിക്കൂറിനിടെ 24,114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 16,45,094 ആയി. മരണം 97,647 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാമതെത്തി. 3,30,890 രോഗികളാണ് ബ്രസീലിലുള്ളത്. റഷ്യയില്‍ 3,26,448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 2,81,904, ബ്രിട്ടന്‍ 2,54,195 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുള്ളത്.