വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ധാക്ക കോടതി. ഷെയ്ഖ് ഹസീനയുടെ ധന്‍മോണ്ടിയിലെ വീടായ സുധസ്ഥാനും ബന്ധുക്കളുടെ ഉള്‍പ്പെടെയുള്ള സ്വത്തുക്കളും കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്.
ഇതോടൊപ്പം ഷെയ്ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ആന്റി കറപ്ഷന്‍ കമ്മീഷന്‍ നല്‍കിയ അപേക്ഷയിലാണ് നിലവിലെ കോടതി വിധി.
ധാക്ക മെട്രോപോളിറ്റന്‍ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ആയ സാക്കിര്‍ ഹൊസൈന്‍ ഖാലിബ് കഴിഞ്ഞ ദിവസം നടത്തിയ വിധി പ്രസ്താവനയിലാണ് ഷെയ്ഖ് ഹസീനയുടെയും ബന്ധുക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ മകന്‍ സാജിബ് വാസെദ് ജോയ്, മകള്‍ വാസെദ് പുടുല്‍, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദിഖ്, രദ്വാന്‍ മുജിബ് സിദ്ദിഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളിലൂടെ ഷെയ്ഖ് ഹസീന നടത്തുന്ന നിരന്തര പ്രസ്താവനകളില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജ്യവ്യാപക പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
Read more
എന്നാല്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ ഷെയ്ഖ് ഹസീനയുടെ ലണ്ടന്‍ യാത്രയ്ക്ക് യുകെ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചത്.