പൗരത്വ നിയമവും എൻ.ആർ.സിയും ‌ഇന്ത്യന്‍ മുസ്ലിങ്ങളുടെ പദവിയെ ബാധിക്കും: യു.എസ് റിപ്പോർട്ട്

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും രാജ്യത്തെ വലിയ ന്യൂനപക്ഷങ്ങളിലൊന്നായ 20 കോടി ജനസംഖ്യയുള്ള  മുസ്ലിങ്ങളുടെ പദവി (status) യെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ  കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസി (സി.ആര്‍.എസ്) ന്റെതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍.എസ്. റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൈമാറി.

പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനു ശേഷമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ പദവി സംബന്ധിച്ച പരാമര്‍ശം ഉണ്ടായിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയിൽ മതം മാനദണ്ഡമായി ചേർത്തുവെന്നും ഡിസംബർ 18-ലെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയില്‍ 200 ദശലക്ഷം മുസ്ലിങ്ങളുണ്ടെന്നും ഇവരുടെ പദവിയെ പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും കാര്യമായി ബാധിക്കുമെന്നാണ് സി.ആര്‍.എസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവ എങ്ങനെയാണ് ബാധിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. രാജ്യാന്തരതലത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും സജീവമാകുന്നതിനിടയിലാണ് സി.ആര്‍.എസിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.

1955-ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുകയില്ല. 55-നു ശേഷം പല തവണ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും അതിലൊന്നും മതപരമായ വിവേചനമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഐക്യരാഷ്ട്ര സഭ, രാജ്യാന്തര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്‍, സ്വതന്ത്ര മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ പട്ടികയ്‌ക്കെതിരെയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മ്യാന്‍മറില്‍ നിന്നുള്ള ബുദ്ധമത വിശ്വാസികളെയും ശ്രീലങ്കന്‍ തമിഴരെയും എന്തുകൊണ്ട് നിയമത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ആരായുന്നു.

Read more

അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ റിപ്പോര്‍ട്ടായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. സ്വതന്ത്ര ഗവേഷണ സ്ഥാപനം തയ്യാറാക്കിയിരിക്കുന്ന ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അമേരിക്കന്‍ കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കും. ഇത് ചര്‍ച്ച ചെയ്തതിനു ശേഷമാകും അമേരിക്കന്‍ കോണ്‍ഗ്രസ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.