അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്; ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ഇസ്രായേൽ- ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തിൽ ഇസ്രായേൽ സന്ദർശനത്തിന് അമേരിക്കൻ പ്രസിഡന്റ്. ജോ ബൈഡൻ നാളെ ഇസ്രായേലിലെത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.

മരുന്നും ഭക്ഷണവുമുള്‍പ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രായേലും വാഷിങ്ടണും ധാരണയിലെത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. യുഎസിന്റെ ഇസ്രായേലിനോടുള്ള ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും അരക്കിട്ടുറപ്പിക്കുന്നതാകും ബൈഡന്റെ സന്ദര്‍ശനമെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

ഹമാസുള്‍പ്പടെ ഭീകരവാദത്തെ കൂട്ടുപിടിക്കുന്നവരില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തിനു നേരെയുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് പൂര്‍ണാധികാരമുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡന്‍ ചോദിച്ചറിയുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രായേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.