സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മലയാളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ആക്ടർ എന്ന് വിളിക്കാൻ കഴിയുന്ന നടനാണ് ഫഹദ് ഫാസിൽ. താൻ പരാജയത്തിൽ നിന്നല്ലേ തുടങ്ങിയതെന്ന് ഫഹദ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്. ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയിൽ ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്. അതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേർണലിസ്റ്റ് ആയി ഫഹദ് സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല.

ഇന്ന് ‘ആവേശം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കി കരിയറിന്റെ ഏറ്റവും പീക്കിലാണ് ഫഹദ് നിൽക്കുന്നത്. റീ ഇൻഡ്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനിൽ ഇറങ്ങിയ ചിത്രം ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും, കൈയത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. സിനിമയിൽ തിരിച്ചുവരുമെന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ല എന്നാണ് ഫഹദ് പറയുന്നത്. സിനിമയുടെ ഭാഗമാവുന്നതിന്റെ ഭാഗമായി എഴുത്തുപരിപാടികൾ നടക്കുന്നുണ്ടായിരുന്നുവെന്നും, അങ്ങനെയാണ് കേരള കഫെയിൽ ഭാഗമാവുന്നതെന്നും ഫഹദ് പറയുന്നു.

“എന്റെ ആദ്യത്തെ സിനിമ പരാജയപ്പെട്ടതിന് ശേഷം ഞാൻ അമേരിക്കയിൽ പോയി. എന്നാൽ സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അമേരിക്കയിൽ ഞാൻ ജീവിതം തുടങ്ങിയിരുന്നു. എട്ടു വർഷം അവിടെ ജീവിച്ചു.
എന്നാൽ തിരിച്ചെത്തിയപ്പോൾ എനിക്കൊരു ജോലി ആവശ്യമായിരുന്നു, എന്തെങ്കിലും ചെയ്യണമല്ലോ, അങ്ങനെയാണ് എൻജിനീയറിങ് പഠിക്കാൻ പോയത്, അതു പാതിവഴിയിൽ വിട്ടാണ് ഫിലോസഫി ചെയ്തത്. ഇവിടെ വന്നപ്പോൾ ജോലി കിട്ടാനൊരു മാർഗവുമില്ല. അടുത്ത സർക്കിളുകളിൽ ഉള്ളവരെല്ലാം സിനിമയിലായിരുന്നു. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം സിനിമയിലാണ്. ഞാൻ അവരുമായി ഇടപഴുകാൻ തുടങ്ങി.

അപ്പോഴാണ് എഴുത്തിന്റെ ശ്രമം നടക്കുന്നത്. സിനിമയുടെ എഴുത്തുപണികളിൽ ഞാനും ഭാഗമാകാൻ തുടങ്ങി. അങ്ങനെയാണ് ആദ്യ അവസരം ലഭിച്ചത്. മൃത്യുഞ്ജയം– ഞാൻ ഒട്ടും ഗൗരവമായി എടുത്തില്ല. ഉദയേട്ടനും രഞ്ജിയേട്ടനും എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതു കണ്ടിട്ടാണ് സമീർ വിളിക്കുന്നത്.

എട്ടു വർഷത്തെ അമേരിക്കൻ ജീവിതത്തിൽ അഭിനയത്തെക്കുറിച്ച് ഞാനെന്തൊക്കെയോ മനസിലാക്കി വച്ചിരുന്നു. തിരിച്ചു വന്നിട്ട്, ആ മനസിലാക്കിയതു ചെയ്യുമ്പോൾ ആളുകൾക്ക് അതിഷ്ടമായി. അതെനിക്ക് സർപ്രൈസ് ആയിരുന്നു. വർക്ക് ചെയ്ത റൂട്ട് കൃത്യമായിരുന്നല്ലേ എന്ന ഫീലായിരുന്നു എനിക്ക്. ചാപ്പാക്കുരിശ്, 22എഫ്കെ, ഡയമണ്ട് നെക്ക്ലസ് എന്നിങ്ങനെ സിനിമകൾ സംഭവിച്ചു. പ്രേക്ഷകരുമായി ഒരു വിശ്വാസം സൃഷ്ടിക്കപ്പെട്ടു. ഞാൻ വിശ്വസിക്കുന്നത് ചെയ്യാനാണ് എനിക്കിഷ്ടം. 100 കോടി ക്ലബിൽ കയറുന്നതിലല്ല, പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനാണ് മുൻതൂക്കം. അതൊരിക്കലും സിനിമയിൽ‌ മാറില്ല.

ഞാൻ അമേരിക്കയിൽ പഠിക്കുന്ന സമയത്ത് വാപ്പ എന്നെ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. കാലാവസ്ഥ എങ്ങനെയുണ്ട്? ആരോഗ്യം ഓകെ അല്ലേ? ഹാപ്പി അല്ലേ?! ഇത്ര കാര്യങ്ങളെ ചോദിക്കൂ. അതു വച്ചൊരു സിനിമ ചെയ്യണം. ഞാനങ്ങനെ തിരക്കഥയൊന്നും എഴുതിയിട്ടില്ല. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നല്ല ക്ഷമ വേണ്ട പണിയാണ്. എനിക്കത്രയും ക്ഷമയില്ല. ഭാവിയിൽ സംഭവിക്കുമോ എന്നുറപ്പില്ല. ഞാനെഴുതിയ സീൻ സിനിമയിൽ വന്നിട്ടൊന്നുമില്ല. ചില ഡയലോഗുകൾ ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കൃത്യമായ എഴുത്ത് എനിക്കു പറ്റുന്ന പരിപാടിയില്ല.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.

അതേസമയം ജിതു മാധവൻ സംവിധാനം ചെയ്ത ആവേശം മെയ് 9 ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Read more