ഗാസയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം; മുന്നറിയിപ്പുമാണ് യുഎസ് പ്രസിഡന്റ്; ബോംബാക്രമണവും വെടിവയ്പ്പും തുടര്‍ന്ന് ഇസ്രയേല്‍

ഗാസയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള നടപടി കുറക്കുമെന്നാണ് പ്രതീക്ഷ. ഇസ്രായേലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്നും അദേഹം വ്യക്തമാക്കി. ഇന്നലെ മുതല്‍ ഇസ്രായേല്‍ സേന ഗാസായിലെ ആശുപത്രികള്‍ വളഞ്ഞിരിക്കുകയാണ്.

ഭക്ഷണവും വെള്ളവും വൈദ്യസാമഗ്രികളുമില്ലാതെ ആയിരക്കണക്കിന് ആളുകള്‍ ഗാസയിലെ ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിമല്‍, തല്‍ അല്‍ ഹവ, തുഫ, ഷേക്ക് അജ്ലിന്‍ തുടങ്ങിയ പട്ടണങ്ങളിലും തീരദേശത്തെ അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ കനത്ത ബോംബ് വര്‍ഷം നടത്തി. ആംബുലന്‍സുകള്‍ ഇല്ലാത്തതിനാലും മേഖലകള്‍ ഇസ്രയേലി ടാങ്കുകള്‍ വളഞ്ഞിരിക്കുന്നതിനാലും ഗുരുതരമായി പരുക്കേറ്റവരെപ്പോലും ഇവിടെനിന്ന് ആശുപത്രികളിലേക്കു മാറ്റാനാകുന്നില്ല. ആശുപത്രികള്‍ക്കു സമീപവും വ്യോമാക്രമണം തുടരുകയാണ്. അല്‍ ഷിഫ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പൂര്‍ണമായി തകര്‍ന്നു.

അല്‍ റാന്റിസ്റ്റ്, തുര്‍ക്കിഷ് ആശുപത്രികളില്‍നിന്ന് 3,000 അര്‍ബുദരോഗികളെ ഇസ്രയേല്‍ സേന പുറത്താക്കിയെന്നും ഇവര്‍ മരണത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസ നഗരത്തിലെ താല്‍ അല്‍ ഹവയിലുള്ള അല്‍ ഖുദ്സ് ആശുപത്രി പരിസരത്ത് ഇസ്രയേല്‍ സേന ബോംബാക്രമണവും വെടിവയ്പ്പും തുടരുകയാണെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

Read more

ഗാസയിലെ 53 ല്‍ 23 ആശുപത്രികളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഇസ്രയേല്‍ സൈന്യം നിരവധി ആശുപത്രികള്‍ വളഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും രോഗികള്‍ക്കും അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയുന്നില്ല.