ന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികള്‍ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താത്കാലികമാണെന്നും ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും അദേഹം അറിയിച്ചു. ബന്ദിക്കൈമാറ്റത്തിന് ധാരണയായെങ്കിലും ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്റെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
ഇത് കരാര്‍ ലംഘനമാണ്. പേരുകള്‍ കിട്ടാതെ വെടിനിര്‍ത്തലുമായി മുന്നോട്ടുപോകില്ലെന്നും പൂര്‍ണ ഉത്തരാവാദിത്വം ഹമാസിനാണെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയുടെയും ബന്ദിയാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സമ്മര്‍ദം കാരണം ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച ഹമാസ് – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്പൂര്‍ണ കാബിനറ്റും അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് വെടിനിര്‍ത്തലും ബന്ദി മോചനവും പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വീണ്ടും അനിശ്ചിതത്വം.
വേണ്ടിവന്നാല്‍ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുനഃരാരംഭിക്കുമെന്നും ഹമാസ് ബന്ദികളാക്കിയിരിക്കുന്ന എല്ലാവരേയും തിരികെ രാജ്യത്തെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ.
കരാറിന്റെ ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ന് മൂന്ന് വനിതാ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. പകരമായി 95 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.
ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. തടവുകാരുടെ ആദ്യസംഘത്തില്‍ 95 പേരുണ്ടാകും.
ഇവരെ ഇന്നു വൈകുന്നേരം നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ലബനനിലും സിറിയയിലും ഇസ്രായേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. മധ്യപൂര്‍വദേശത്തിന്റെ മുഖഛായ ഇസ്രയേല്‍ മാറ്റി. ഏറ്റവും സാധ്യമായ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.
Read more
എന്നാല്‍, ഗാസയില്‍ ഇസ്രായേല്‍ കനത്ത ആക്രമണം തുടരുകയാണ്. ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 23 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 83 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 50 ഇടത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.