പഴക്കച്ചവടക്കാരന്റെ പേരിൽ 3.8 കോടി രൂപയുടെ സമ്പാദ്യം എഴുതിവച്ച് അയൽവാസി, കാരണം അറിയുമോ?

തന്റെ സമ്പാദ്യം മുഴുവൻ പരിചയക്കാരനായ പഴക്കച്ചവടക്കാരന് എഴുതിവച്ച ഒരാളുടെ വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്നത്. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള മാ എന്ന വ്യക്തിയാണ് 3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് എഴുതി നൽകിയത്. ഷാങ്ഹായിലെ മാർക്കറ്റിൽ കച്ചവടം നടത്തുന്ന ലിയു എന്ന വ്യക്തിക്കാണ് ഇത്തരത്തിൽ 3.8 കോടിയുടെ സമ്പാദ്യം ലഭിച്ചത്.

മാ മരിച്ചശേഷം കോടതിയിൽ പോയാണ് ലിയു സമ്പാദ്യം സ്വന്തമാക്കിയതെന്ന് മാത്രം. തൻറെ ജീവിതത്തിൻറെ അവസാന കാലത്ത് ബന്ധുക്കൾ സഹായിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ലിയുവും കുടുംബവും തന്നെ സഹായിച്ചതിനുള്ള നന്ദി സൂചകമായാണ് സ്വത്ത് വകകൾ മുഴുവൻ മാ പഴക്കച്ചവടക്കാരനായ ലിയുവിനും കുടുംബത്തിനും എഴുതി നൽകിയത്.

വർഷങ്ങൾക്കു മുൻപാണ് ലിയുവും മായും തമ്മിൽ പരിചയത്തിൽ ആകുന്നത്. ജീവിക്കുവാനുള്ള ചുറ്റുപാടുകൾ വളരെ മോശമായിരുന്ന ലിയുവിനെ മാ തന്റെ അടുത്ത് താമസിക്കുവാൻ ക്ഷണിക്കുകയായിരുന്നു. മായുടെ മകൻ അകാലത്തിൽ മരണമടഞ്ഞതോടെ അവശതയിലായ അദ്ദേഹത്തെ പരിചരിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തത് ലിയു ആയിരുന്നു. ഇതിനുള്ള പ്രതിഫലമായാണ് തൻറെ സ്വത്ത് വകകൾ മുഴുവൻ ലിയുവിന് നൽകികൊണ്ട് മാ വിൽപത്രം തയ്യാറാക്കിയത്.മായുടെ മൂന്ന് സഹോദരിമാരും മറ്റു ബന്ധുക്കളും മായ്ക്ക് ഉണ്ടായിരുന്നെങ്കിലും അസുഖബാധിതനായി കിടന്നപ്പോൾ ആരും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായില്ല.

Read more

എന്നാൽ 88 -കാരനായ മായുടെ മരണശേഷം അദ്ദേഹത്തിൻറെ ബന്ധുക്കൾ വിൽപത്രത്തെ ചോദ്യം ചെയ്യുകയായിരുന്നു.മായുടെ മരണശേഷം ബന്ധുക്കൾ സ്വത്തുക്കൾ കയ്യടക്കുകയും വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത് പോലെ നടപ്പിലാക്കാൻ സമ്മതിക്കാതെ വരികയും ചെയ്തു.അതോടെ ലിയു കോടതിയെ സമീപിക്കുകയും കഴിഞ്ഞദിവസം കോടതി ലിയുവിന് അനുകൂലമായി വിധിപ്രസ്താവം നടത്തിയതായുമാണ് സൗത്ത് മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.