ഹമാസ് ഉപമേധാവിയെ മറ്റൊരു രാജ്യത്ത് പോയി വധിച്ചു; ഹിസ്ബുള്ളയുമായും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; യുദ്ധതന്ത്രങ്ങള്‍ മാറ്റുന്നു

ഹമാസ് തീവ്രവാദ സംഘടനയുടെ ഉപമേധാവിയെ ബോംബിങ്ങിലൂടെ വധിച്ച് ഇസ്രയേല്‍ നല്‍കിയത് വ്യക്തമായ സന്ദേശമെന്ന് റിപ്പോര്‍ട്ട്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടത്തിയ സ്‌ഫോടനത്തിലൂടെയാണ് ഹമാസ് ഉപമേധാവി സാലിഹ് അറോറി അടക്കം ആറുപേരെ കൊലപ്പെടുത്തിയത്.

ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സാലിഹ് കൊല്ലപ്പെട്ടതെന്ന് ലബനന്റെ ദേശീയ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനുശേഷം മറ്റൊരു രാജ്യത്തുവച്ച് കൊല്ലപ്പെടുന്ന ഹമാസിന്റെ പ്രധാന നേതാവാണ് സാലിഹ് അറോറി.

ഹമാസ് തീവ്രവാദ സേനയുടെ സ്ഥാപകരില്‍ ഒരാളായ സാലിഹിനായിരുന്നു അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം.
യുദ്ധത്തിനുമുമ്പുതന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നേതാവാണ് സാലിഹ്.

രാജ്യത്തിനെതിരെയും പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന തീവ്രവാദികളെ ഇല്ലാതാക്കുമെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്. ലബനന്റെ തെക്കന്‍ മേഖലയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുന്നതിരിടെയാണ് ഈ തിരിച്ചടി ഹമാസിന് നല്‍കിയിരിക്കുന്നത്. അതേസമയം, ആക്രമണത്തിനും പ്രതിരോധത്തിനും തങ്ങള്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് സജ്ജമാണെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

സലാഹ് അല്‍ അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് സായുധസംഘടനയായ ഹിസ്ബുള്ള രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ലെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.

Read more

ലെബനന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും അവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.