കാമുകൻ മറ്റ് സ്ത്രീകളെ നോക്കുന്നു; കണ്ണിൽ സൂചികൾ കുത്തിയിറക്കി കാമുകി

കാമുകൻ മറ്റ് സ്ത്രീകളെ നോക്കിയതിന് കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് കാമുകി. അമേരിക്കയിലെ ഫ്ലോറിഡയിൽ 44 കാരിയായ സാന്ദ്ര ജിംനെസ് ആണ് കാമുകന്റെ കണ്ണിൽ കുത്തി പരിക്കേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു സാന്ദ്ര ജിംനെസ്.

കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോ‌‍ർട്ട്. മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർ‌ഷമായി ഇരുവരും ഡേറ്റിം​ഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള്‍ ജിംനെസ് തന്റെ ശരീരത്തിലേക്ക് ചാടിക്കയറി രണ്ട് സൂചികൾകൊണ്ടും കണ്ണിൽ കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വലത് കണ്ണിലാണ് കുത്തേറ്റത്. ഉടൻ തന്നെ ജിംനെസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പിന്നീട് പൊലീസെത്തിയപ്പോൾ ജിംനെസ് താമസസ്ഥലത്തിന് പുറത്ത് കാറിൽ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. കാമുകൻ സ്വയം കണ്ണിൽ കുത്തിയതാണെന്നും താൻ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ജിംനെസിന്റെ വാദം.