എക്‌സിലെ സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്; തീരുമാനം വ്യാജ അക്കൗണ്ടും ബോട്ട് അക്കൗണ്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി

എക്‌സില്‍ വീണ്ടും മാറ്റങ്ങള്‍ക്കൊരുങ്ങി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന സേവനം അവസാനിപ്പിക്കാനാണ് മസ്‌കിന്റെ പുതിയ തീരുമാനം. എക്‌സ് ഉപയോഗിക്കണമെങ്കില്‍ ഭാവിയില്‍ പണം നല്‍കേണ്ടി വരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മസ്‌ക്. വ്യാജ അക്കൗണ്ടും ബോട്ട് അക്കൗണ്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

ഇലോണ്‍ മസ്‌കിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് ഇനി എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസം ഉപഭോക്താക്കള്‍ വരിസംഖ്യയായി നല്‍കേണ്ടി വരും. എന്നാല്‍ ഒരു എക്‌സ് അക്കൗണ്ട് ഉടമ എത്ര പണം നല്‍കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

നിലവില്‍ എക്‌സിന് 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. പ്രതിദിനം 10 കോടി മുതല്‍ 20 കോടി പോസ്റ്റുകള്‍ എക്‌സില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് ഇലോണ്‍ മസ്‌ക് എക്‌സുമായി ബന്ധപ്പെട്ട കണക്കുകള്‍ വെളിപ്പെടുത്തിയത്. എക്സ് പ്ലാറ്റ്ഫോമിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായി സൗജന്യ സേവനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മസ്‌ക് അറിയിച്ചത്.