അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ കാര്യക്ഷമതാ പരിശോധനയും ചോദ്യോത്തരം പദ്ധതിയുമായി ഇറങ്ങിയ ഇലോണ്‍ മസ്‌കും പ്രതിസന്ധിയാകുന്നു. യുഎസ് ഫെഡറല്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവര്‍ക്കും ഡോജിന്റെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ ആഴ്ച എന്തുചെയ്‌തെന്ന് വ്യക്തമാക്കാനുള്ള ഇമെയില്‍ കിട്ടി. ഡൊണാള്‍ഡ് ട്രംപിന്റെ ആജ്ഞകള്‍ അതേപടി പാലിക്കാന്‍ മടിക്കാത്ത കോടീശ്വരന്‍ അനുയായി ഇലോണ്‍ മസ്‌കാണ് ഫെഡറല്‍ ജീവനക്കാര്‍ക്ക് ലഭിച്ച 48 മണിക്കൂര്‍ തിട്ടൂരത്തിന്റെ ഉപജ്ഞാതാവ്. ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഡോജിന്റെ തലവനാണ് ഇലോണ്‍ മസ്‌ക്. യു എസ് സര്‍ക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രസിഡന്റ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാഗമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവര്‍ണ്‍മെന്റ് എഫിഷ്യന്‍സി എന്ന് പേരിട്ട ഡോജ്.
ഡോജിന്റെ പ്രവര്‍ത്തനം ഉഷാറാക്കാന്‍ ട്രംപ് പറഞ്ഞതിന് പിന്നാലെ ഫെഡറല്‍ ജീവനക്കാര്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ കഴിഞ്ഞ ആഴ്ച എന്ത് ചെയ്തു എന്ന ചോദ്യവുമായി ഉടന്‍ തന്നെ ഇമെയില്‍ ലഭിക്കുമെന്ന് മസ്‌ക് എക്‌സിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ഫെഡറല്‍ ജീവനക്കാര്‍ക്ക് ഇമെയിലില്‍ ചോദ്യം കിട്ടി. അറ്റാച്ച്‌മെന്റുകളൊന്നും ഇല്ലാതെ 48 മണിക്കൂറിനുള്ളില്‍ ഉത്തരം നല്‍കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്ടപ്പെട്ടെന്നോ രാജിവെച്ചെന്നോ കരുതിക്കോളാനാണ് മസ്‌കിന്റെ ടീമിന്റെ നിര്‍ദേശം. എന്തായാലും മസ്‌കിന്റെ ടീമില്‍ നിന്നുള്ള ഏറ്റവും പുതിയ അസാധാരണ നിര്‍ദ്ദേശം ദേശീയ കാലാവസ്ഥാ സേവനവും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടെയുള്ള ഒന്നിലധികം ഏജന്‍സികളില്‍ വലിയ പ്രതിഷേധത്തിന്റെ കനല്‍ വീഴ്ത്തിയിട്ടുണ്ട്.
ഇ-മെയിലിന് ഉടന്‍ മറുപടി നല്‍കണ്ടന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അഥവാ എഫ്ബിഐ ഉള്‍പ്പടെയുള്ള ദേശിയ സുരക്ഷ ഏജന്‍സികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശം. ഉന്നതതല വിഭാഗങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് ഈ പ്രതിരോധത്തിന് പിന്നില്‍. 23 ലക്ഷം ഫെഡറല്‍ ജീവനക്കാരാണ് അമേരിക്കയിലുള്ളത്. കഴിഞ്ഞയാഴ്ച ചെയ്ത ജോലിയുടെ അഞ്ച് പോയിന്റുകളാണ് ജീവനക്കാരോട് ഡോജ് ചോദിച്ചിരിക്കുന്നത്. മറുപടി ഇല്ലാത്തവര്‍ രാജിവെച്ചതായി കരുതുമെന്ന ഭീഷണിയും എച്ച് ആര്‍ എന്ന സെന്‍ഡര്‍ അയച്ച സന്ദേശത്തിലുണ്ട്.
ഫെഡറല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ്, സന്ദേശത്തെ ‘ക്രൂരവും അനാദരിക്കുന്നതെന്നും’ ആണ് വിമര്‍ശിച്ചത്. ഫെഡറല്‍ ജീവനക്കാരെ നിയമവിരുദ്ധമായ പിരിച്ചുവിടുന്ന തരത്തിലുള്ള ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ കൂടി ഇലോണ്‍ മസ്‌കും ട്രംപ് ഭരണകൂടവും ഫെഡറല്‍ ജീവനക്കാരോടും അവര്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കുന്ന നിര്‍ണായക സേവനങ്ങളോടും തികഞ്ഞ അവഗണന കാണിച്ചുവെന്നാണ് യൂണിയന്‍ പ്രസിഡന്റ് എവററ്റ് കെല്ലി പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തൃപ്തികരമായ മറുപടി ഇതിനോടകം തന്നെ ഇമെയ്ല്‍ സന്ദേശത്തിന് ലഭിച്ചുതുടങ്ങിയെന്നും ഇവരെയാണ് സ്ഥാനക്കയറ്റത്തിനായി പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി മസ്‌ക് വീണ്ടും എക്‌സില്‍ പോസ്റ്റിട്ടു. അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാരും ട്രംപ്- മസ്‌ക് ഭരണകൂടവും തമ്മിലുള്ള വെല്ലുവിളികളുടെ തുടക്കമായാണ് ഇതിനെ പലരും കാണുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം ഭരണകൂടവും ജീവനക്കാരും തമ്മിലുള്ള പോര് ഉണ്ടാക്കുമെന്നും വലിയൊരു വിഭാഗം നിരീക്ഷിക്കുന്നു.







