യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി മാലിന്യട്രക്കുമായി പ്രചരണം നടത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡന്‍ വിശേഷിപ്പിച്ചിരുന്നു. ഇതു വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപ് ഇപ്പോള്‍. വിസ്‌കോന്‍സെനിലെ ഗ്രീന്‍ ബേയില്‍ കഴിഞ്ഞദിവസം നടന്ന റാലിയില്‍ ട്രംപ് ഒരു മാലിന്യ ട്രക്ക് ഓടിച്ചിരുന്നു. പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റും ട്രംപിന്റെ എതിരാളിയുമായ കമലയോടുമുള്ള ബഹുമാനാര്‍ഥമാണ് ഇതെന്നായിരുന്നു ട്രംപ് പറഞ്ഞത്.

തന്റെ പേര് രേഖപ്പെടുത്തിയ ബോയിങ് 757 വിമാനത്തില്‍നിന്നിറങ്ങിവന്ന ട്രംപ് സമീപം പാര്‍ക്ക് ചെയ്തിരുന്ന മാലിന്യ ട്രക്കിനടുത്തെത്തി ഡ്രൈവിങ് സീറ്റിലേക്കു കയറുകയായിരുന്നു. ഈ ട്രക്കിലും ട്രംപിന്റെ പേര് നല്‍കിയിരുന്നു. വെള്ള ഷര്‍ട്ടും റെഡ് ടൈയും ധരിച്ചതിനുമുകളില്‍ ഓറഞ്ചും മഞ്ഞയും ചേര്‍ന്ന സേഫ്ടി വെസ്റ്റും ട്രംപിനുണ്ടായിരുന്നു. ട്രക്കിന്റെ ക്യാബിനില്‍ ഇരുന്ന് ട്രംപ് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കിയിരുന്നു.

എന്നാല്‍, സംഗതി കൈവിട്ട് പോയെന്ന് മനസിലായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ആളുകള്‍ ആര്‍ക്കു വോട്ടുചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയുള്ള ഏതു വിമര്‍ശനത്തോടും വിയോജിക്കുന്നുവെന്ന് കമല ഹാരിസും വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം ശേഷിക്കെ അവസാനഘട്ട പ്രചരണത്തിലാണ് ഇരു സ്ഥാനാര്‍ത്ഥികളും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നതാണ് സ്ഥിതി.

വിസ്‌കോണ്‍സന്‍, മിനിസോട, മിഷിഗന്‍, നോര്‍ത് കരോലൈന എന്നിവിടങ്ങളില്‍ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമല ഹാരിസിന് നേരിയ മുന്‍തൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.

ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ട്രംപ് മുന്നിലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍സല്‍വേനിയയില്‍ ഒരു പോയന്റില്‍ താഴെയാണ് ട്രംപിന്റെ ലീഡ്. നോര്‍ത് കരോലൈനയില്‍ ഒരു പോയന്റിന്റെയും ജോര്‍ജിയയിലും അരിസോണയിലും രണ്ട് പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്. അതേസമയം, നെവാദ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നിവിടങ്ങളില്‍ കമലയുടെ ലീഡ് ഒരു പോയന്റില്‍ താഴെയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് പുതിയ മാനം നല്‍കിയത്.