ലോകത്ത് കോവിഡ് ബാധിതർ 1.86 കോടി കവിഞ്ഞു; ഫ്രാൻസിൽ കോവിഡിന്‍റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് ഫ്രഞ്ച് സർക്കാരിന്‍റെ മുന്നറിയിപ്പ്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,86,81,362 കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 6030 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണം ഏഴ് ലക്ഷം കടന്നു.

ആകെ കോവിഡ് ബാധിതർ  അമേരിക്കയിലും ബ്രസീലിലും 50,000- ത്തില്‍ അധികമാണ് പ്രതിദിന രോഗവർദ്ധന. ജർമ്മനിയിൽ രോഗം രണ്ടാം വരവിലാണെന്ന് ഡോക്ടേഴ്സ് യൂണിയൻ മേധാവി അഭിപ്രായപ്പെട്ടു. ഫ്രാൻസിലും കോവിഡിന്‍റെ രണ്ടാം വരവ് ഉണ്ടാകുമെന്നാണ് ഫ്രഞ്ച് സർക്കാരിന്‍റെ ശാസ്ത്ര കൗൺസിലിന്‍റെ മുന്നറിയിപ്പ്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതതരുടെ എണ്ണം19 ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്നും 50,000 കടക്കും. മഹാരാഷ്ട്രയിൽ 7,760, തമിഴ്നാട്ടിൽ 5,063 ആന്ധ്രയിൽ 9747, കർണാടകയിൽ 6,259 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. രാജ്യത്തെ കോവിഡ് ബാധിതരിൽ 82% പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്കുകൾ.

കോവിഡ് മരണത്തിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്‍റെ രണ്ടാംപാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആർ അറിയിച്ചു.