നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം കഴിഞ്ഞു. 3.30ന് കോടതി ശിക്ഷ വിധിക്കും. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് കഴിഞ്ഞത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു.
കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദം മാത്രമാണ് കോടതിയില്‍ നടന്നത്. പ്രതികളുടെ അഭിഭാഷകര്‍ ശിക്ഷാ ഇളവിന് വേണ്ടി വാദിക്കുമ്പോള്‍ കേസിലെ മറ്റുകാര്യങ്ങളിലേക്ക് വാദം കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കോടതി അത് തടഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടതാണെന്നും അതില്‍ ഇനി വാദം നടത്തേണ്ടെന്നും ശിക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് മാത്രം മതിയെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷാവിധിയില്‍ മാത്രം വാദം മതിയെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞതോടെ പ്രതികളുടെ അഭിഭാഷകര്‍ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യര്‍ഥനയാണ് നടത്തിയത്. എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തര്‍ക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേപോലെ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ശിക്ഷാ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതടക്കമാണ് കേസ്.
എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികള്‍. പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), ചാര്‍ലി തോമസ്, സനില്‍ കുമാര്‍, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകന്‍ കോടതി അലക്ഷ്യ കേസുമായി ഹാജരായി. മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, അന്തരിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. കോടതിയലക്ഷ്യ കേസുകള്‍ 18ന് പരിഗണിക്കും. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുറ്റവിമുക്തനാക്കപ്പെട്ട എട്ടാം പ്രതിയായിരുന്ന ദിലീപ് കോടതിയെ സമീപിച്ചു.
പള്‍സര്‍ സുനിയുടെ അമ്മയുടെ അപേക്ഷയും കോടതി പരിഗണിച്ചു. ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നുവെന്നും അത് ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടു കിട്ടണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയില്‍ നിന്ന് പള്‍സര്‍ സുനിക്ക് കിട്ടിയ പണം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്ന പണം. ഇത് വിട്ടുകിട്ടണമെന്ന ആവശ്യമാണ് പള്‍സര്‍ സുനിയുടെ അമ്മ നടത്തിയത്. ഇതും 18ാം തിയ്യതിയിലേക്ക് പരിഗണിക്കാനായി കോടതി മാറ്റി.
Read more
അഭിപ്രായം പറയാന്‍ വരുന്നവര്‍ പറഞ്ഞോളൂ. പക്ഷേ, വിധിന്യായം പൂര്‍ണമായും വായിച്ചിട്ടുവേണം അതു പറയാനെന്നും ഇന്ന് കോടതി പറഞ്ഞിരുന്നു. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.







