രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥ. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗകേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്.

തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോൾ ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. കേസിൽ പരാതിക്കാരിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.

അതേസമയം രണ്ടാമത്തെ ബലാത്സം​ഗ കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ജാമ്യം എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശമുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ്. നേരത്തെ ആദ്യത്തെ കേസിൽ രാഹുലിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.

Read more