ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു; അമേരിക്കയില്‍ രോഗ ബാധിതർ 20 ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു.

ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം നാല് ലക്ഷത്തി അന്‍പതിനായിരത്തിലേരെ കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ ഇരുപത്തി രണ്ടായിരത്തിലേറെ പേരും അമേരിക്കകാരാണ്. ഇന്നലെ മാത്രം രാജ്യത്ത് എഴുനൂറ്റി അന്‍പതിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ മരണ സംഖ്യ ഒരുലക്ഷത്തി പത്രണ്ടായിരം പിന്നിട്ടു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും മരണ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.

213 രാജ്യങ്ങളിലായി എഴുപത് ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ളതില്‍ രണ്ട് ശതമാനത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.

ബ്രസീലില്‍ ഇരുപത്തി ഏഴായിരം പേര്‍ക്കും പെറുവില്‍ നാലായിരം പേര്‍ക്കും ചിലിയില്‍ അയ്യായിരത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം ബ്രസീലില്‍ കോവിഡ് കണക്കുകള്‍ പുറത്ത് വിടേണ്ടന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. കോവിഡിനെ അതിജീവിച്ചുവെന്ന് കരുതി ആഘോങ്ങളരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാ ഇറ്റലിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏഷ്യയിലും ആഫ്രിക്കയിലുമടക്കം രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതും മരണ സംഖ്യ ഉയരുന്നതും പല രാജ്യങ്ങളും സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുകയാണന്ന സൂചനകളാണ് നല്‍കുന്നത്. ഇത് മുന്നില്‍ കണ്ട് പരിശോധനകള്‍ ഇരട്ടിയാക്കാന്‍ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ജനങ്ങള്‍ കൂട്ടങ്ങളൊഴിവാക്കണമെന്നും ഫേസ്മാസ്ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.