കോവിഡ് പ്രതിസന്ധി ‘കൂടുതൽ വഷളായേക്കാം’ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 

രാജ്യങ്ങൾ അടിസ്ഥാന ആരോഗ്യ സംരക്ഷണ മുൻകരുതലുകൾ എടുക്കുന്നില്ലെങ്കിൽ കൊറോണ വൈറസ് പകർച്ചവ്യാധി കൂടുതൽ വഷളാകാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

“ഞാൻ തുറന്ന് പറയട്ടെ, കുറേ രാജ്യങ്ങൾ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്,  കൊറോണ വൈറസ് നമ്മുടെ പൊതുശത്രുക്കളിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

“പകർച്ചവ്യാധിയെ ചെറുക്കാനുള്ള അടിസ്ഥാന കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ കൊറോണ വൈറസ് പ്രതിസന്ധി കൂടുതൽ വഷളാകുകയും മോശമാവുകയും ചെയ്യും. അത് ഇന്നത്തെ നിലയിൽ ആയി കൊള്ളണമെന്നുമില്ല.”

“പഴയ അവസ്ഥയിലേക്ക് ഒരു മടങ്ങിപ്പോക്ക് സമീപഭാവിയിൽ ഉണ്ടാവില്ല … വളരെയധികം ആശങ്കപ്പെടേണ്ടതുണ്ട്,” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ ഉന്നത സംഘം ചൈനയിലേക്ക് പോയിട്ടുണ്ട്. ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് സംഘത്തിലെ അംഗങ്ങൾ നടപടിക്രമം അനുസരിച്ച് ക്വാറന്റൈനിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സാഹചര്യങ്ങളുടെ ചുമതലയുള്ള മൈക്ക് റയാൻ പറഞ്ഞു.