പാര്‍ട്ടിയും ഒബാമയും കൈവിട്ടു; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് നാണംകെട്ട് ബൈഡന്‍ പിന്മാറി; കമല ഹാരിസിന് പിന്തുണ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്‍മാറി. ഡെമോക്രാറ്റിക് പാര്‍ട്ടി പൂര്‍ണമായി കൈവിട്ടതോടെയാണ് അദേഹം വാര്‍ത്താകുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്.

താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ കഠിനാധ്വാനം ചെയ്തവര്‍ക്ക് നന്ദിയെന്നും ബൈഡന്‍ എക്‌സില്‍ കുറിച്ചു. തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ബൈഡന്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

Read more

നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.