യു.എസ്-ഇറാൻ സംഘർഷം: ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നാൾവഴി

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയെ വെള്ളിയാഴ്ച വധിച്ചതിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഗണ്യമായി വർദ്ധിച്ചു.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പിഎംഎഫ്) എന്നറിയപ്പെടുന്ന പൗരസേനയുടെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടു.

സുലൈമാനിയുടെ വധത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിക്കുകയൂം ചെയ്തു.

തീവ്രാവാദത്തിനെതിരെയുള്ള പ്രതിരോധ നടപടിയാണെന്ന് പറഞ്ഞാണ് ട്രംപും യുഎസ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ബാഗ്ദാദിൽ ഖാസിം സുലൈമാനിയുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നത്.

നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങൾ ചുവടെ:

2018

ഇറാൻ ആണവ കരാറിൽ നിന്ന് യു.എസ് പിന്മാറുന്നു

ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന ഇറാൻ ആണവ കരാറിൽ നിന്ന് യുഎസ് പിന്മാറുകയാണെന്ന് മെയ് 8 ന് പ്രഖ്യാപിച്ച് ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു.

“കരാറിൽ സമവായത്തിൽ എത്താൻ കഴിയുന്നില്ലെങ്കിൽ അമേരിക്ക ഇനി കരാറിലെ കക്ഷിയാകില്ലെന്ന് ഞാൻ വ്യക്തമാക്കി…ഇറാൻ ഇടപാടിന്റെ കാതൽ തന്നെ വികലമാണ്,” ട്രംപ് അന്ന് പറഞ്ഞു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച ഉപരോധം അവസാനിപ്പിച്ചതിന് പകരമായി ജെസി‌പി‌എ‌എ ഇറാന്റെ ആണവ പദ്ധതിയെ കർശനമായി നിയന്ത്രിച്ചിരുന്നു.

ട്രംപിന്റെ തീരുമാനം സ്വീകാര്യമല്ലെന്നും വാഷിംഗ്ടണിനെ മറികടന്ന് ഇടപാടിൽ ഒപ്പുവച്ചിട്ടുള്ള ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ചൈന എന്നിവരുമായി ചർച്ച നടത്തുമെന്നും ഇതിന് മറുപടിയായി ഇറാൻ പറഞ്ഞു.

കടുത്ത ആവശ്യങ്ങൾ ഉന്നയിച്ച്‌ യു.എസ്

ആണവ പദ്ധതി ഉപേക്ഷിക്കുന്നത് മുതൽ സിറിയൻ യുദ്ധത്തിൽ നിന്ന് പിന്മാറുന്നത് അടക്കമുള്ള ശക്തമായ തീരുമാനങ്ങൾ ഇറാൻ കൈക്കൊള്ളണമെന്നും അല്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്നും മെയ് 21 ന് യു.എസ് ആവശ്യപ്പെട്ടു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രൂപീകരിച്ച,ട്രംപ് ഭരണകൂടത്തിന്റെ 12 ആവശ്യങ്ങൾ ഇറാൻ നിരസിച്ചു.

ആദ്യഘട്ട ഉപരോധം

ആണവ കരാറിന്റെ ഭാഗമായി എടുത്തുകളഞ്ഞിരുന്ന ഇറാനെതിരായ ആദ്യ ഘട്ട ഉപരോധങ്ങൾ ഓഗസ്റ്റ് 7 ന് യു.എസ് വീണ്ടും നടപ്പാക്കി. വ്യോമയാനം, പരവതാനികൾ മുതൽ പിസ്ത, സ്വർണം തുടങ്ങി നിരവധി ബിസിനസ്സ് മേഖലകളുമായുള്ള വ്യാപാരം അമേരിക്ക നിരോധിച്ചു.

രണ്ടാം ഘട്ട ഉപരോധം

എണ്ണ, ബാങ്കിംഗ് തുടങ്ങിയ പ്രധാന മേഖലകളെ ലക്ഷ്യമിട്ട് നവംബർ 5 ന് യുഎസ് പുതിയ ഉപരോധം പ്രഖ്യാപിച്ചു.

2019

“വിദേശ തീവ്രവാദ സംഘടന”

ഇറാൻ സൈന്യത്തിന്റെ ശക്തമായ ഒരു വിഭാഗമായ എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഒരു വിദേശ “തീവ്രവാദ” സംഘടനയായി താൻ പ്രഖ്യാപിക്കുന്നതായി ഏപ്രിൽ 8 ന് ട്രംപ് പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് അമേരിക്ക മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഒരു തീവ്രവാദ സംഘം എന്ന് മുദ്രകുത്തുന്നത്.

ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉപരോധം ഐ‌ആർ‌ജി‌സിക്ക് വിപുലമായ സാമ്പത്തിക, യാത്രാ വിലക്കുകൾ ഏർപ്പെടുത്തി.

ഈ നടപടിയോട് പ്രതികരിച്ച ഇറാൻ ഉടൻ തന്നെ അമേരിക്കയെ “തീവ്രവാദത്തിന്റെ സ്പോൺസർ” ആയി പ്രഖ്യാപിക്കുകയും അമേരിക്കൻ ഭരണകൂടതെ “തീവ്രവാദ സംഘം” എന്ന് വിളിക്കുകയും ചെയ്തു.

യു.എസ് പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നു

“പ്രശ്‌നകരമായതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി സൂചനകൾക്കും മുന്നറിയിപ്പുകൾക്കും മറുപടിയായി,”അമേരിക്ക ഒരു വിമാനവാഹിനിക്കപ്പലും ഒപ്പം സൈനിക സംഘത്തെയും വ്യോമസേനയെയും പശ്ചിമേഷ്യയിലേക്ക് അയച്ചതായി മെയ് 5 ന് ട്രംപിന്റെ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പ്രഖ്യാപിച്ചു.

“അമേരിക്ക ഇറാനിയൻ ഭരണകൂടവുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അല്ലെങ്കിൽ ഇറാനിയൻ സേന എന്നിവയുടെ ഏത് ആക്രമണത്തോടും പ്രതികരിക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” ബോൾട്ടൺ അന്ന് പറഞ്ഞു.

കൂടുതൽ ഉപരോധങ്ങൾ

ആണവ കരാറിന് കീഴിലുള്ള ചില പ്രതിബദ്ധതകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സമ്പുഷ്ട യുറേനിയം, ജല ഉൽപാദനം എന്നിവ വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു.

കരാറിൽ നിന്ന് വാഷിംഗ്ടൺ പിന്മാറുകയും പിന്നീട് ഇറാനെതിരെ ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്ത് ഒരു വർഷത്തിനുശേഷം, ഇറാന്റെ ഉരുക്ക്, ഖനന മേഖലകൾക്കെതിരെ ട്രംപ് പുതിയ നടപടികൾ പ്രഖ്യാപിച്ചു.

“അട്ടിമറി പ്രവർത്തനങ്ങൾക്ക് വിധേയമായി” എണ്ണ കപ്പലുകൾ

ലോകത്തിലെ ഏറ്റവും വലിയ ബങ്കറിംഗ് കേന്ദ്രങ്ങളിലൊന്നായ ഫുജൈറയുടെ തീരത്ത് നിന്ന് നാല് വാണിജ്യ കപ്പലുകൾ “അട്ടിമറി പ്രവർത്തനങ്ങൾക്ക് വിധേയമായി” എന്ന് മെയ് 12 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പറഞ്ഞു.

സൗദി എണ്ണ ടാങ്കറുകളായ അൽ മർസോക, അംജദ്, നോർവീജിയൻ ടാങ്കർ ആൻഡ്രിയ വിക്ടറി, യുഎഇ ബങ്കറിംഗ് ബാർജ്, എ മൈക്കൽ എന്നിവയാണ് കേടായ കപ്പലുകളെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു എമിറാത്തി ടെർമിനലാണ് ഫുജൈറ, ഇത് ഹോർമുസ് കടലിടുക്ക് മറികടക്കുന്നു, ഇതിലെയാണ് ഭൂരിഭാഗം ഗൾഫ് എണ്ണ കയറ്റുമതിയും കടന്നുപോകുന്നത്.

യുഎസുമായി സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ കടലിടുക്ക് അടയ്ക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയ ഇറാൻ സംഭവങ്ങളെ ഭയപ്പെടുത്തുന്നതും ഖേദകരവുമെന്ന് വിശേഷിപ്പിച്ചു.

ഹൂത്തികൾ എണ്ണ പൈപ്പ് ലൈൻ ആക്രമിക്കുന്നു

സൗദി-യുഎഇ നേതൃത്വത്തിലുള്ള സൈനിക സഖ്യവുമായുള്ള ദീർഘകാല യുദ്ധത്തിൽ ബന്ധിക്കപ്പെട്ടിരുന്ന യെമന്റെ ഹൂത്തി വിമതർ മെയ് 14 ന് സൗദി അറേബ്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തി. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒരു പ്രധാന എണ്ണ പൈപ്പ് ലൈൻ തകരുകയും പ്രവർത്തന രഹിതമാകുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ റിയാദ് ആക്രമണത്തിന് ഇറാനെ കുറ്റപ്പെടുത്തി.

ഇറാൻ ഹൂത്തികളെ ആയുധമാക്കിയതായി അമേരിക്കയും സൗദി അറേബ്യയും ആരോപിച്ചുവെങ്കിലും ഇറാൻ ഈ വാദം നിഷേധിച്ചു.

“ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുത്”

മെയ് 19 ന് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായി എന്നാൽ ഈ ആക്രമത്തിൽ ആർക്കും അപായം ഉണ്ടായില്ല. ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. എന്നാൽ ട്രംപ് അക്കാലത്ത് ഇങ്ങനെ ട്വീറ്റ് ചെയ്തു: “ഇറാൻ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇറാന്റെ ഔദ്യോഗിക അന്ത്യമായിരിക്കും. ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുത്!”

ഇതിനോട് ഇറാനിലെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതികരിച്ചത് ബി ടീമിന്റെ പ്രേരണയാൽ ട്രംപ് വംശഹത്യ പരാമർശത്തിലേക്ക് നീങ്ങി എന്നാണ്.

വാഷിംഗ്ടണും ഇറാനും തമ്മിലുള്ള സംഭാഷണത്തിന് മധ്യസ്ഥത വാഗ്ദാനം ചെയ്ത ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്രംപ് മെയ് 27 ന് പരനജാത് ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നാണ്.

ടെഹ്‌റാനിൽ ഷിൻസോ അബെ

യുഎസും ഇറാനും തമ്മിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജൂൺ 12 ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ടെഹ്‌റാനിലെത്തി.

ഒരു ദിവസത്തിനുശേഷം ഷിൻസോ അബെ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കണ്ടു. “സന്ദേശങ്ങൾ കൈമാറാൻ യോഗ്യനായ ഒരു വ്യക്തിയായി ഞാൻ ട്രംപിനെ പരിഗണിക്കുന്നില്ല. എനിക്ക് അദ്ദേഹത്തോട് പ്രതികരണമില്ല, അദ്ദേഹത്തിന് മറുപടി നൽകില്ല.” ഖാംനഈ ഷിൻസോ അബെയോട് പറഞ്ഞു.

വീണ്ടും എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം

ജൂൺ 13 ന്, അബെ ഇറാനിലായിരിക്കുമ്പോൾ, ഒരു ജാപ്പനീസ് എണ്ണ കപ്പലും ഒരു നോർവീജിയൻ എണ്ണ കപ്പലും ഒമാൻ ഉൾക്കടലിൽ “ആക്രമണത്തിന്” വിധേയമായി എന്ന് നോർവീജിയൻ മാരിടൈം അതോറിറ്റിയും ജാപ്പനീസ് കപ്പൽ ഉടമയും അറിയിച്ചു.

റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തിൽ എണ്ണ കപ്പലുകളിൽ നിന്ന് രണ്ട് വ്യത്യസ്ത അപായ സന്ദേശങ്ങൾ ലഭിച്ചതായി യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് അറിയിച്ചു.

തുടക്കത്തിൽ “അപകടമാണുണ്ടായതെന്നു ” പറഞ്ഞ ഇറാൻ 44 കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അറിയിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി അബെയുടെ സന്ദർശന വേളയിൽ എണ്ണ കപ്പലിന് നേരെ ഉണ്ടായ “ആക്രമണം” “സംശയാസ്പദമാണ്” എന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് വിശേഷിപ്പിച്ചു.

മേഖലയിൽ കൂടുതൽ യു.എസ് സൈനികർ

ജൂൺ 17 ന് പശ്ചിമേഷ്യയിൽ 1,000 സൈനികരെ വിന്യസിക്കാൻ പെന്റഗൺ അനുമതി നൽകി.

അതേ ദിവസം തന്നെ ആണവകരാറിൽ നിശ്ചയിച്ചിരുന്ന പരിധി പ്രകാരമുള്ള താണ-സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം മറികടക്കാൻ 10 ദിവസം മാത്രം അകലെയാണെന്ന് ഇറാൻ അറിയിച്ചു.

കരാറിൽ ഒപ്പുവച്ച യൂറോപ്യൻ രാജ്യങ്ങൾ യു.എസ് ഉപരോധം മറികടക്കാൻ സഹായിച്ചാൽ ഈ നീക്കത്തിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് ഇറാൻ പറഞ്ഞു.

യു.എസിന്റെ ഡ്രോൺ വെടിവച്ചിടുന്നു

ജൂൺ 20 ന് ഇറാനിയൻ സൈന്യം യുഎസ് സൈനിക ഡ്രോൺ വെടിവച്ചു വീഴ്ത്തി.

ഇരു രാജ്യങ്ങളും സംഭവം സ്ഥിരീകരിച്ചെങ്കിലും വിമാനത്തിന്റെ സ്ഥാനം സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് നൽകിയത്.

തങ്ങളുടെ വ്യോമാതിർത്തിയിലൂടെയാണ് ഡ്രോൺ പറന്നതെന്ന് ഇറാൻ പറഞ്ഞപ്പോൾ അന്താരാഷ്ട്ര കടൽ പരിധിക്ക്‌ മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്ന് യുഎസ് പറഞ്ഞു.

ആക്രമണം പിൻവലിച്ചതായി ട്രംപ്

ആളില്ലാ യുഎസ് ഡ്രോൺ തകർത്തതിന് പ്രതികാരമായി ഇറാനെതിരായ സൈനിക ആക്രമണം പിൻവലിക്കുന്നതായി ജൂൺ 21 ന് ട്രംപ് പറഞ്ഞു.

ആസൂത്രിതമായ ആക്രമണത്തിന് 10 മിനിറ്റ് മുമ്പ് താൻ ആക്രമണ പദ്ധതി പിൻവലിച്ചതായി ട്രംപ് പറഞ്ഞു, ആളില്ലാ ഡ്രോൺ വെടിവച്ചിടുന്നതിന് ആനുപാതികമല്ല നിരവധി പേരുടെ ജീവനെടുക്കുന്ന ആക്രമണം എന്ന് ട്രംപ് പറഞ്ഞു. യുഎസ് ആക്രമണത്തിൽ 150 പേർ കൊല്ലപ്പെടാമായിരുന്നെന്ന് പറഞ്ഞ ട്രംപ്, ഇറാനുമായുള്ള ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് സൂചന നൽകി.

https://twitter.com/realDonaldTrump/status/1142055392488374272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1142055392488374272&ref_url=https%3A%2F%2Fwww.aljazeera.com%2Fnews%2F2020%2F01%2Firan-tensions-timeline-events-leading-soleimani-killing-200103152234464.html

ഇറാനെതിരായ യുഎസ് ഭീഷണിക്കെതിരെ ഉറച്ചു പ്രതികരിക്കാൻ തയ്യാറാണെന്ന് ജൂൺ 22 ന് ഇറാൻ പറഞ്ഞു.

അതേ ദിവസം തന്നെ, യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് ശിക്ഷിക്കപ്പെട്ട “പ്രതിരോധ മന്ത്രാലയ കരാറുകാരനെ” വധിക്കാൻ ഇറാൻ ഉത്തരവിട്ടു, അതേസമയം പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു, സൈനിക നടപടി ഇപ്പോഴും ആലോചനയിലുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയെയും സഹകാരികളെയും ലക്ഷ്യമിട്ട് അധിക സാമ്പത്തിക ഉപരോധത്തിനുള്ള ഉത്തരവിൽ ജൂൺ 25 ന് ട്രംപ് ഒപ്പിട്ടു.

ട്രംപിനോട് അടുപ്പമുള്ള കഴുകന്മാരായ രാഷ്ട്രീയക്കാർ നയതന്ത്രത്തേക്കാൾ യുദ്ധത്തിന് ദാഹിക്കുന്നവരാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സരിഫ് ട്വീറ്റ് ചെയ്തു.

എഫ് -22 സ്റ്റെൽത്ത് പോരാളികളെ യുഎസ് വിന്യസിക്കുന്നു

ജൂൺ 29 ന് യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് ഒരു പ്രസ്താവനയിൽ “അമേരിക്കൻ താൽപ്പര്യങ്ങളെ പ്രതിരോധിക്കാൻ” എഫ് -22 റാപ്‌റ്റർ സ്റ്റെൽത്ത് പോരാളികളെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

ഇറാൻ യുറേനിയം പരിധി കടക്കുന്നു

ആണവ കരാറിൽ പറഞ്ഞിരിക്കുന്ന സംഭരണശേഖരത്തിൽ സമ്പുഷ്ടമായ യുറേനിയത്തിന്റെ അളവ് ജൂലൈ ഒന്നിന് ഇറാൻ കവിഞ്ഞു.

300 കിലോ പരിധി ഇറാൻ ലംഘിച്ചതായി തങ്ങളുടെ ആണവ പരിശോധകർ സ്ഥിതീകരിച്ചതായി ഐക്യരാഷ്ട്രസഭ പറഞ്ഞു.

അതേസമയം കരാർ പ്രകാരം അനുവദിച്ചതിലും കൂടുതൽ സമ്പന്നമായ യുറേനിയം ശേഖരിക്കുന്നത് കരാറിന്റെ ലംഘനമല്ലെന്ന് സരിഫ് പറഞ്ഞു.

ഇറാന്റെ എണ്ണ കപ്പൽ തടഞ്ഞു

യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് ഇറാനിയൻ ക്രൂഡ് ഓയിൽ എത്തിച്ചതായി ആരോപിക്കപ്പെടുന്ന സൂപ്പർടാങ്കറെ ബ്രിട്ടീഷ് റോയൽ മറൈൻസും പൊലീസും കസ്റ്റംസ് ഏജന്റുമാരും ജൂലൈ 4 ന് പിടികൂടി.

ഇറാൻ ആണവ കരാർ പരിധി വീണ്ടും മറികടക്കുന്നു

ആണവകരാറിൽ നിശ്ചയിച്ചിട്ടുള്ള യുറേനിയം സമ്പുഷ്ടീകരണ പരിധി ജൂലൈ 8 ന് ഇറാൻ മറികടക്കുന്നു, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് കരാർ പാലിക്കുന്നത്തിൽ ഇറാൻ വീഴ്ച വരുത്തുന്നത്.

ഇറാന്റെ എണ്ണ കപ്പലിന്റെ ക്യാപ്റ്റൻ അറസ്റ്റിൽ

ജൂലൈ 12 ന് അതിനുമുമ്പത്തെ ആഴ്ച ബ്രിട്ടീഷ് സേന പിടിച്ചെടുത്തു ഇറാനിയൻ ടാങ്കറിന്റെ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ഗിൽബ്രത്തറിലെ പൊലീസ് അറസ്റ്റുചെയ്തു.

ഇറാൻ ബ്രിട്ടീഷ് ഓയിൽ ടാങ്കർ പിടിച്ചെടുത്തു

ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണ കപ്പൽ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി ജൂലൈ 19 ന് ഐആർജിസി അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ എല്ലാ യുകെ കപ്പലുകൾക്കും അകമ്പടി നൽകാൻ ബ്രിട്ടീഷ് നാവികസേന

ജൂലൈ 25 ന് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എല്ലാ കപ്പലുകൾക്കും യു.കെയുടെ യുദ്ധക്കപ്പലുകൾ അകമ്പടി സേവിക്കുമെന്നു ബ്രിട്ടൻ പ്രഖ്യാപിച്ചു, ഗൾഫിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പുതിയ തീരുമാനം ഉണ്ടാകുന്നത്.

സരിഫിന് യുഎസ് ഉപരോധം

ആയത്തുല്ല അലി ഖാംനഈക്കുവേണ്ടി പ്രവർത്തിച്ചതിന് ഓഗസ്റ്റ് ഒന്നിന് അമേരിക്ക ഇറാനിലെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിന് ഉപരോധം ഏർപ്പെടുത്തി.

പിടിച്ചു വച്ച ഇറാന്റെ എണ്ണ കപ്പൽ വിട്ടയക്കുന്നു

ഓഗസ്റ്റ് 15 ന് ജിബ്രാൾട്ടറിലെ സുപ്രീം കോടതി, ഗ്രേസ് 1 കപ്പലിന് യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിധിച്ചു, കപ്പൽ തടങ്കലിൽ വയ്ക്കാൻ യുഎസ് അവസാന നിമിഷം വരെ ശ്രമിച്ചതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു വിധി.

ഇറാൻ പുതിയ മിസൈൽ പ്രതിരോധ സംവിധാനം അനാച്ഛാദനം ചെയ്യുന്നു

ഓഗസ്റ്റ് 23 ന് ടെഹ്‌റാനിൽ നടന്ന ഒരു അനാച്ഛാദന ചടങ്ങിൽ റൂഹാനി പ്രാദേശികമായി നിർമ്മിച്ച വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തെ മിസൈൽ പ്രതിരോധ ശൃംഖലയിൽ ഉൾപ്പെടുത്തി.

സരിഫ് മാക്രോൺ കൂടിക്കാഴ്ച 

ഓഗസ്റ്റ് 26 ന് ജി 7 ഉച്ചകോടിക്കിടെ ഇറാൻ ഉന്നത നയതന്ത്രജ്ഞൻ മുഹമ്മദ് ജവാദ് സരിഫ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി.

അതേ ദിവസം ജിബ്രാൾട്ടറിൽ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ 2.1എം ബാരൽ അസംസ്കൃത എണ്ണ വിറ്റതായി ഇറാൻ അറിയിച്ചു. കപ്പലിന്റെ പുതിയ ഉടമ അടുത്ത ലക്ഷ്യസ്ഥാനം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇറാൻ ആണവ കരാർ പരിധി വീണ്ടും ലംഘിക്കുന്നു

ആണവ കരാറിൽ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ വീണ്ടും മറികടന്നുവെന്നും സമ്പുഷ്ട യുറേനിയം ശേഖരം വർദ്ധിപ്പിക്കുകയും കരാറിൽ അനുവദിച്ചതിനേക്കാൾ വലിയതോതിൽ ശുദ്ധീകരിക്കുകയും ചെയ്യുന്നതായി ഓഗസ്റ്റ് 30ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇറാന്റെ ബഹിരാകാശ ഏജൻസികൾക്ക് ഉപരോധം

ടെഹ്‌റാനിലെ ബാലിസ്റ്റിക് മിസൈൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് ഇറാനിലെ സിവിലിയൻ ബഹിരാകാശ ഏജൻസിക്കും രണ്ട് ഗവേഷണ സംഘടനകൾക്കും സെപ്റ്റംബർ 3 ന് യുഎസ് ഉപരോധം ഏർപ്പെടുത്തി.

ഇറാൻ ബഹിരാകാശ ഏജൻസി, ഇറാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം, ആസ്ട്രോനോട്ടിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.

യു.എസ് സമ്മർദ്ദം ശക്തമാക്കുന്നു

സെപ്റ്റംബർ 4 ന് അമേരിക്ക ഇറാനിൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തി, ഐആർജിസിയുടെ നിയന്ത്രണത്തിലാണെന്നു അമേരിക്ക ആരോപിക്കുന്ന ഒരു എണ്ണ ഷിപ്പിംഗ് ശൃംഖലയെ കരിമ്പട്ടികയിൽ പെടുത്തി.

സിറിയയ്ക്ക് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന എണ്ണ വിതരണം ചെയ്തുകൊണ്ട് കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളും കപ്പലുകളും വ്യക്തികളും ഉപരോധം ലംഘിച്ചുവെന്ന് യുഎസ് ട്രഷറി ആരോപിച്ചു.

ഇറാന്റെ എണ്ണ കപ്പലിന്റെ ക്യാപ്റ്റന് യു.എസ് പണം വാഗ്ദാനം ചെയ്യുന്നു

സിറിയയിലേക്ക് പോകുന്നതായി സംശയിക്കുന്ന ഇറാനിയൻ എണ്ണ കപ്പലിന്റെ വഴിതിരിച്ചുവിടുന്നതിനായി അഖിലേഷ് കുമാറെന്ന ഇന്ത്യക്കാരനായ ക്യാപ്റ്റന് യു.എസ് നിരവധി ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിക്കുന്നു.

അരാംകോ ആക്രമണത്തെക്കുറിച്ചുള്ള ആരോപണം ഇറാൻ നിരസിച്ചു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈക്കും കിഴക്കൻ സൗദി അറേബ്യയിലെ ഖുറൈസ് ഓയിൽഫീൽഡും, ഈ രണ്ട് പ്രധാന സൗദി അരാംകോ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം സെപ്റ്റംബർ 14 ന് യെമന്റെ ഹൂത്തി വിമതർ ഏറ്റെടുത്തു. ലോകത്തെ മുൻ‌നിര അസംസ്കൃത എണ്ണ കയറ്റുമതിക്കാരായ അരാംകോയുടെ ഉൽ‌പാദനത്തിന്റെ പകുതിയിലേറെയും ആക്രമണത്തെ തുടർന്ന് നഷ്ടമായി.

ലോകത്തെ ഊർജ്ജ വിതരണത്തിനെതിരെ അഭൂതപൂർവമായ ആക്രമണമാണ്‌ ഇറാൻ നടത്തിയതെന്ന് അമേരിക്കയുടെ പോംപിയോ കുറ്റപ്പെടുത്തി. അതേസമയം യുഎസ് ആരോപണങ്ങൾ അർത്ഥരഹിതമാണെന്ന് പറഞ്ഞ് ഇറാൻ തള്ളിക്കളഞ്ഞു, ഇറാനെതിരായ നടപടികളെ ന്യായീകരിക്കാൻ വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു.

ഇറാനെതിരെ യു.എൻ പൊതുസഭയിൽ ആഞ്ഞടിച്ച്‌ ട്രംപ്

ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്ത ട്രംപ് സെപ്റ്റംബർ 24 ന് ഇറാനെതിരെ ആഞ്ഞടിക്കുകയും ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ർശനമാക്കാനും ആവശ്യപ്പെട്ടു.

ഇറാൻ സെൻട്രിഫ്യൂജുകൾക്ക് ഇന്ധനം നൽകാൻ ആരംഭിക്കുന്നു

നവംബർ 6 ന് ഇറാൻ ഭൂഗർഭ ഫോർഡോ സംവിധാനത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് യുറേനിയം വാതകം കുത്തിവയ്ക്കുന്ന പ്രക്രിയ ആരംഭിച്ചു.

യു.എൻ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 2,000 കിലോ (4,400 പൗണ്ട്) യുറേനിയം അല്ലെങ്കിൽ യുഎഫ് 6 ഫോർഡോ പ്ലാന്റിലേക്ക് ഏജൻസി കൈമാറിയതായി ഇറാനിലെ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ വക്താവ് ബെഹ്റൂസ് കമൽവാണ്ടി ദേശീയ ടെലിവിഷനോട് പറഞ്ഞു.

ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നു

സർക്കാർ ഇന്ധന വില 300 ശതമാനം വരെ ഉയർത്തിയതിനെ തുടർന്ന് നവംബർ 15 ന് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.

നൂറിലധികം ഇറാനിയൻ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഈ പ്രക്ഷോഭം വ്യാപിക്കുകയും രാഷ്ട്രീയമാനം കൈവരിക്കുകയും ചെയ്തു. യുവാക്കളും തൊഴിലാളിവർഗ പ്രക്ഷോഭകരും മതനേതാക്കൾ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നു.

പ്രക്ഷോഭത്തെ തുടർന്ന് കുറഞ്ഞത് 631 പേർ കൊല്ലപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ മരണസംഖ്യ 300 ൽ അധികം ആണെന്ന് പറഞ്ഞു. അതേസമയം ഈ കണക്കുകൾ ഇറാനിയൻ അധികൃതർ നിരസിച്ചു.

ഇറാന്റെ വാർത്താവിതരണ മന്ത്രിക്ക് യുഎസ് ഉപരോധം

“വ്യാപകമായ സെൻസർഷിപ്പിൽ” പങ്കുള്ളതിന് ഇറാന്റെ വാർത്താവിതരണ മന്ത്രി മുഹമ്മദ് ജവാദ് അസാരി-ജഹ്‌റോമിക്ക് നവംബർ 22 ന് യുഎസ് ഉപരോധം ഏർപ്പെടുത്തി.

“പ്രതിരോധ ബജറ്റ്”

യുഎസ് ഉപരോധത്തെ പ്രതിരോധിക്കാൻ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ഡിസംബർ 8 ന് 39 ബില്യൺ ഡോളർ “പ്രതിരോധ ബജറ്റ് പ്രഖ്യാപിച്ചു.

ഇറാനിലെ ഏറ്റവും വലിയ എയർലൈന് ഉപരോധം

യെമനിലേക്കു ആയുധ സഹായം എത്തിച്ചതായി ആരോപിച്ച് ഡിസംബർ 11 ന് യുഎസ് ട്രഷറി ഇറാനിലെ ഏറ്റവും വലിയ എയർലൈനിനും അതിന്റെ ഷിപ്പിംഗ് വ്യവസായത്തിനും പുതിയ ഉപരോധം ഏർപ്പെടുത്തി.

യു.എസ് കരാറുകാരൻ കൊല്ലപ്പെട്ടു

ഡിസംബർ 27 ന് കിർക്കുക്കിലെ ഇറാഖ് സൈനിക താവളത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും നിരവധി യുഎസ് സേവന അംഗങ്ങൾക്കും ഇറാഖ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തു.

പൗരസേന കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം നടത്തുന്നു

രണ്ട് ദിവസത്തിന് ശേഷം – ഡിസംബർ 29 ന് – യുഎസ് കരാറുകാരന്റെ കൊലപാതകത്തിന് പ്രതികാരമായി ഇറാഖിലെയും സിറിയയിലെയും കറ്റൈബ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം “പ്രതിരോധ ആക്രമണങ്ങൾ” നടത്തി.

ഇറാഖിൽ ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ 25 പോരാളികൾ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സുരക്ഷാ, സൈനിക വൃത്തങ്ങൾ അറിയിച്ചു.

യു.എസ് എംബസിയിൽ പ്രക്ഷോഭം

ഡിസംബർ 31 ന്, ഇറാഖിലെ ഇറാൻ അനുകൂല അർദ്ധസൈനിക വിഭാഗങ്ങളുടെ അംഗങ്ങളും അനുയായികളും ബാഗ്ദാദിലെ യുഎസ് എംബസി വളപ്പിൽ അതിക്രമിച്ച് കയറി ഒരു പ്രധാന വാതിൽ തകർക്കുകയും അതിന്റെ പരിധിയുടെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു.

2020

അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് എസ്പർ മുന്നറിയിപ്പ് നൽകുന്നു

ഇറാനോ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളോ പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങൾക്കുനേരെ “ആക്രമണങ്ങൾ ആസൂത്രണം ചെയ്തേക്കാം” എന്നതിന് ചില സൂചനകൾ ഉണ്ട് എന്ന് ജനുവരി 2 ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു.

യു.എസ് സുലൈമാനിയെ വധിക്കുന്നു

ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയും ഇറാഖിലെ ഹാഷെഡ് അൽ-ഷാബി അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് അബു മഹ്ദി അൽ മുഹാൻദിസും കൊല്ലപ്പെട്ടു.

Read more

കടപ്പാട്: അൽ ജസീറ