അഫ്ഗാനിലെ ഭൂചലനത്തിൽ മരണസംഖ്യ 2,053 ആയി ഉയർന്നു; അവശ്യ വസ്തുക്കൾക്കായി അഭ്യർത്ഥിച്ച് താലിബാൻ വക്താവ്; രക്ഷാപ്രവർത്തനം തുടരുന്നു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,053 ആയി ഉയർന്നു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ദുരന്തബാധിത പ്രദേശങ്ങളിൽ ടെന്റുകൾ, മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ അടിയന്തര ആവശ്യമുണ്ടെന്ന് ഷഹീൻ പറഞ്ഞു. ആവശ്യമുള്ള ആളുകളെ സഹായിക്കാൻ പ്രാദേശിക വ്യവസായികളോടും എൻ‌ജി‌ഒകളോടും മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഏകദേശം ആറോളം ഗ്രാമങ്ങൾ നശിച്ചു, നൂറുകണക്കിന് സാധാരണക്കാർ അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണ്, അടിയന്തര സഹായത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. 465 വീടുകൾ തകർന്നതായും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അറിയിച്ചു. “തകർന്ന കെട്ടിടങ്ങൾക്കടിയിൽ ചിലർ കുടുങ്ങിക്കിടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ തിരച്ചിലും രക്ഷാപ്രവർത്തവും തുടരുന്നതിനാൽ മരണപ്പെട്ടവരുടെ എണ്ണം ഉയരാൻ ഇടയുണ്ടെന്ന് പ്രതീക്ഷിക്കുന്നു,” യുഎൻ പറഞ്ഞു.

ഭൂകമ്പത്തിലും ശക്തമായ തുടർചലനങ്ങളിലും രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾ വാഹിദ് റയാൻ നേരത്തെ അസോസിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചിരുന്നു. ആറോളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും നൂറുകണക്കിന് സിവിലിയന്മാർ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടുകയും ചെയ്തിട്ടുണ്ട്, അടിയന്തര സഹായം അഭ്യർത്ഥിച്ചു.

ഹെറാത്തിലെ ടെലിഫോൺ കണക്ഷനുകൾ തകരാറിലായതിനാൽ, ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കുന്നത് ദുഷ്‌കരമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഹെറാത്ത് നഗരത്തിലെ വീടുകൾക്കും ഓഫീസുകൾക്കും പുറത്ത് തെരുവുകളിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയത് കാണാമായിരുന്നു.

ഭൂകമ്പത്തിൽ നൂറോളം പേർ മരിച്ചതായാണ് ആദ്യം ശനിയാഴ്ച രാജ്യത്തെ ദേശീയ ദുരന്ത അതോറിറ്റി അറിയിച്ചത്. പിന്നീട് ഐക്യരാഷ്ട്രസഭ 320 മരണങ്ങളുടെ പ്രാഥമിക കണക്ക് നൽകി. എന്നിരുന്നാലും, ഈ കണക്ക് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പിന്നീട് പറഞ്ഞു, 500 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് നേരത്തെ അറിയിച്ചിരുന്നു.

യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം ശനിയാഴ്ച രാവിലെ 11 മണിയോടെ ഹെറാത്ത് നഗരത്തിന് വടക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സമീപ പ്രദേശങ്ങളായ ബാദ്ഗിസ്, ഫറ പ്രവിശ്യകളിൽ ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു. തുടർച്ചയായി 6.3, 5.9, 5.5 തീവ്രതയുള്ള ശക്തമായ മൂന്ന് ചലനങ്ങളും ഉണ്ടായി.