സെക്സി ആണെന്ന് കാണിക്കാൻ ഷർട്ടൂരി കാണിച്ചു; എന്നിട്ടും പരാജയമായി വനിത സ്ഥാനാർത്ഥി, വീഡിയോ വൈറൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേൽവസ്ത്രമഴിച്ച് വനിതാ സ്ഥാനാർത്ഥി. ടോക്കിയോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച റൈറ്റ് വിങ് പാർട്ടിയായ എൻഎച്ച്കെയുടെ സ്ഥാനാർത്ഥി ഐരി ഉച്ചിനോയാണ് തന്റെ ഷർട്ട് അഴിച്ചത്. തനിക്ക് വോട്ടുനൽകണമെന്ന് വീഡിയോയിലൂടെ അപേക്ഷിക്കുന്നതിനിടെയാണ് സംഭവം. മുപ്പത്തിമൂന്ന്കാരിയായ ഐരി ഉച്ചിനോ സംരംഭക കൂടിയാണ്.

വോട്ടുകൾ നേടാൻ മതിയായത്ര സെക്‌സി ആണ് താനെങ്കിൽ തനിക്ക് വോട്ടുനൽകണമെന്ന് അപേക്ഷിച്ചായിരുന്നു ഐരി ഉച്ചിനോയുടെ വസ്ത്രമഴിക്കൽ. “ഞാൻ വളരെ സുന്ദരിയാണ്, ദയവായി എൻ്റെ കാമ്പെയ്ൻ സംപ്രേക്ഷണം കാണുക എന്നാണ് വിഡിയോയിൽ ഐരി ഉച്ചിനോ പറയുന്നത്. ഞാൻ സെക്‌സിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും വിഡിയോയിൽ ഐരി ഉച്ചിനോ ചോദിക്കുന്നുണ്ട്.

എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്ന വിഡിയോയിൽ ക്യാമറയ്ക്കുമുന്നിൽ ഒരു മേശയ്ക്കപ്പുറം ഐരി ഉച്ചിനോ ഇരിക്കുന്നതാണ് ആദ്യം ദൃശ്യമാകുന്നത്. തുടർന്ന് അനിമേ-സ്റ്റൈൽ ശബ്‌ദത്തിൽ ജപ്പാനീസ് വോട്ടർമാരെ അവർ അഭിസംബോധന ചെയ്യാനാരംഭിക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ തന്നെ ഫോളോ ചെയ്യാൻ വോട്ടർമാരോട് ആവശ്യപ്പെടുകായും ചെയ്തു. താൻ എല്ലാവർക്കും വ്യക്തിഗതസന്ദേശമയക്കുമെന്ന ഉറപ്പും ഐരി ഉച്ചിനോ നൽകിയിട്ടുണ്ട്. തുടർന്നാണ് ഷർട്ടഴിക്കുന്നത്. ഉള്ളിൽ സ്‌കിൻ കളറിലുള്ള ട്യൂബ് ടോപ് ധരിച്ചിട്ടുണ്ടെങ്കിലും താൻ വിവസ്ത്രയാണെന്നുള്ള തോന്നലുളവാക്കാൻ അത്തരമൊരു പൊസിഷനിൽ ക്യാമറയ്ക്ക് മുന്നിൽ ഐരി ഉച്ചിനോ ഇരിക്കുന്നുമുണ്ട്.

അതേസമയം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഐരി ഉച്ചിനോയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ശ്രദ്ധ നേടുക മാത്രമാണ് സ്ഥാനാർത്ഥിയുടെ ലക്ഷ്യമെന്ന് ചിലർ കുറ്റപ്പെടുത്തി. വിജയത്തിനുവേണ്ടി എന്തുംചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്നും സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്നതടക്കമുള്ള കുറ്റപ്പെടുത്തലുകളും ഉയർന്നു. എന്നാൽ ഇതു കൊണ്ടൊന്നും ഐരി ഉച്ചിനോയ്ക്ക് ജയിക്കാനായില്ല. മൂന്നാം തവണയും യൂരികോ കോയികെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ ഏഴിനാണ് 2024 ലെ ഗവർണർ തിരഞ്ഞെടുപ്പ് നടന്നത്.

Read more