നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസാധാരണ നടപടിയുമായി തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു. ജെ രാധാകൃഷ്ണന്‍, ഗഗന്‍ദീപ് സിംഗ് ബേദി, പി അമുദാ, ധീരജ് കുമാര്‍ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍.
ബ്യൂറോക്രാറ്റുകളെ സര്‍ക്കാരിന്റെ ഔദ്യോഗികവക്താക്കളായി തിരഞ്ഞെടുപ്പ് നേരിടാനാണ് അസാധാരണ നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ക്രോഡീകരിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച് സര്‍ക്കാരിന്റെ നടപടികളും നേട്ടങ്ങളും ജനങ്ങളെ അറിയിച്ച് സ്വാധീനിക്കാനാണ് ഡിഎംകെ നീക്കം. ഈ നാല് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളുടെ നേട്ടങ്ങളും അറിയിപ്പും അറിയിക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ മികച്ച രീതിയില്‍ ക്രോഡീകരിച്ച് ഇവര്‍ മാധ്യമങ്ങളെ കണ്ട് വിവരങ്ങള്‍ കൈമാറണം എന്നാണ് നിര്‍ദേശം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ കരുതുന്നത്.
Read more
നാല് പ്രത്യേക ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയും വാര്‍ത്തകള്‍ ആശയവിനിമയം നടത്തുന്നതിന് അവര്‍ക്ക് ഉത്തരവാദിത്തമുള്ള വിവിധ വകുപ്പുകളും സര്‍ക്കാര്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി പരിശോധിച്ച് കൂടിയാലോചിച്ച ശേഷം ആധികാരികവും കൃത്യവുമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ തന്ത്രപരമായ നീക്കത്തിലൂടെ ഡിഎംകെ സര്‍ക്കാര്‍ ലക്ഷ്യം.