'നിങ്ങളുടെ ഇസ്ലാം അവളെ അപമാനിച്ചു' ലജ്ജ തോന്നുന്നില്ലേ; ഇറാനില്‍ കസ്റ്റഡിയില്‍ മരിച്ച മാഷാ അമിനിക്കായുളള പ്രാര്‍ത്ഥന തടഞ്ഞ് പിതാവ്

ഇറാനില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച മാഷാ അമിനിയ്ക്ക് വേണ്ടിയുള്ള മതപരമായ കര്‍മ്മങ്ങളും പ്രാര്‍ത്ഥനയും തടഞ്ഞ് പിതാവ്. ‘നിങ്ങളുടെ ഇസ്ലാം അവളെ അപമാനിച്ചു, ഇപ്പോള്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വന്നതാണോ ലജ്ജ തോന്നുന്നില്ലെ നിങ്ങള്‍ക്ക് രണ്ട് മുടിനാരിഴക്ക് വേണ്ടി നിങ്ങള്‍ അവളെ കൊന്നു, …മാഷാ അമിനിയുടെ പിതാവ് പറഞ്ഞു.

മാഷാ അമിനിയുടെ മരണത്തില്‍ ദിവസങ്ങളായി ഇറാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. രാജ്യത്തിന്റെ ഇസ്ലാമിക വസ്ത്രധാരണം ലംഘിച്ചതിന്റെ പേരില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് മാഷയുടെ മരണം സംഭവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകള്‍ മുടി മുറിച്ചും, ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്തും തുടങ്ങി വ്യത്യസ്തമായി പതിഷേധങ്ങള്‍ തുടങ്ങിയിരുന്നു.

ധാരാളം ആളുകളാണ് അമിനിയുടെ മൃതദേഹം കാണാനെത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക്കിനോടും പൊലീസിനോടുമുളള സ്ത്രീകളുടെ കടുത്ത വിയോജിപ്പിന് ഇത് കാരണമായി. ഇറാനിന്റെ ചില ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഇതുകൂടാതെ ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

 

ഹൃദയാഘാതം കാരണമാണ് അമിനി മരണപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം.എന്നാല്‍ അമിനിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഇബ്രാഹിം റൈസി ഉറപ്പുനല്‍കിയിട്ടുണ്ട്.