രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ട, പട്ടയം ലഭിച്ച ആരേയും ഒഴിപ്പിക്കില്ല; കോടിയേരി

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ സംബന്ധിച്ച് സിപിഎം, സിപിഐ പോര് മുറകിയതിന് പിന്നാലെ പ്രതികരണവുമായി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്നും പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടം അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് സി.പി.എം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണെന്നും അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫിസിനെ തൊടാന്‍ വന്നാല്‍ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.

എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജനും രംഗത്തെത്തിയിരുന്നു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതില്‍ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.