ഒരു യുദ്ധവും നയിക്കാതെ ജയിച്ചു കയറിയ ആന്റണി

 

ശ്രീകുമാര്‍ മനയില്‍

 

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതാദ്യമായിരിക്കും എ കെ ആന്റണി തനിക്ക് ലഭിക്കാവുന്ന ഒരു സ്ഥാനം വേണ്ടെന്ന് വെയ്ക്കുന്നത്. ഇനി രാജ്യസഭയിലേക്ക് പോകാന്‍ തനിക്ക് താത്പര്യമില്ലന്ന് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന വാര്‍ത്ത അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയ കേരളം ശ്രവിച്ചത്. കാരണം കേരളപ്പിറവിക്ക് ശേഷം ആന്റണിയെക്കാള്‍ ഭാഗ്യവാനായ ഒരു രാഷ്ട്രീയ നേതാവുണ്ടായിട്ടില്ല. മൂന്ന് പ്രാവശ്യം കേരള മുഖ്യമന്ത്രി, അതും ആദ്യമുഖ്യമന്ത്രി സ്ഥാനം 36 ാം വയസില്‍, പിന്നെ രണ്ട് 95 ലും , 2001 ലും മുഖ്യമന്ത്രിയായി. 92 ല്‍ ആദ്യം കേന്ദ്ര സിവില്‍ സ്പൈള്സ് മന്ത്രി, പിന്നീട് ഒന്നും രണ്ടും യു പി എ സര്‍ക്കാരുകളില്‍ നിര്‍ണായകമായ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം, അക്കാലത്ത് ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞാല്‍ കേന്ദ്രമന്ത്രി സഭയില്‍ രണ്ടാമനായിരുന്നു എ കെ ആന്റെണി. സോണിയാ ഗാനന്ധി, എ കെ ആന്റണി മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍ ഈ നാല്‍വര്‍ സംഘമാണ് അന്ന് ഇന്ത്യയുടെ ഭരണം നിയന്ത്രിച്ചിരുന്നത് തന്നെ.
1977 ല്‍ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങി. ഇന്ദിരയെയും സഞ്ജയെയും പിന്നീട് വന്ന ജനതാ സര്‍ക്കാര്‍ വേട്ടയാടി. ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് 32 ആം വയസില്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം വരെ സ്വന്തമാക്കിയ ആന്റണി പതിയെ ഇന്ദിരയെ കൈവിടാന്‍ തുടങ്ങി. രാജന്‍ കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ 36 ാം വയസില്‍ എ കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി. ആന്റണിയെ മുഖ്യമന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സി സുബ്രമണ്യത്തെ ഇന്ദിരാഗാന്ധി കേരളത്തിലേക്കയച്ചത്. 1972 ല്‍ കെ വിശ്വനാഥന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആയിപ്പോയപ്പോള്‍ ആന്റണിയെ കെ പി സി സി പ്രസിഡന്റാക്കണമെന്ന് പറഞ്ഞതും ഇന്ദിരാഗാന്ധി തന്നെയാണ്. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ തിരിച്ചടിയുണ്ടായപ്പോള്‍ അവരെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടാന്‍ എ കെ ആന്റണി എന്ന ആദര്‍ശധീരന് യാതൊരു മന:സാക്ഷിക്കുത്തുമുണ്ടായില്ല.
1978 ല്‍ കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ ഇന്ദിഗാന്ധി തിരുമാനിച്ചപ്പോള്‍ അന്ന് ഇന്ദിരാവിരുദ്ധ പക്ഷത്തിന് വലിയ മേല്‍ക്കൈയുണ്ടായിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ദിരാ ഗാന്ധിക്ക് പിന്തുണ നല്‍കാന്‍ തിരുമാനിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസ് പിളര്‍ന്നതോടെ ഇന്ദിരാപക്ഷത്തേക്ക് നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും ഒഴുക്ക് തുടങ്ങിയ സമയമായിരുന്നു അത്. ഇന്ദിരക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്ത തിരുമാനത്തില്‍ പ്രതിഷേധിച്ചാണ് 1978 ല്‍ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ കേരളാ മുഖ്യമന്ത്രിയായി. പിന്നീട് 1980 ല്‍ ആന്റണി കോണ്‍ഗ്രസും, സി പി എമ്മും 78 ലെ ഭട്ടിന്‍ഡാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിറങ്ങിയ സി പിഐ യും ചേര്‍ന്ന് കേരളത്തില്‍ ഇടതു ഭരണം തല്ലിക്കൂട്ടി. ഇ കെ നയനാര്‍ ആദ്യമായി കേരളാ മുഖ്യമന്ത്രിയായി. പക്ഷെ ആന്റണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കൊണ്ട് 1980 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ വിജയം നേടി തിരിച്ചുവന്നു. പിന്നെ ആന്റണിക്ക് എങ്ങിനെ എങ്കിലും തിരിച്ചു കയറിയാല്‍ മതിയെന്നായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടറും കേരളത്തിലെ ഒരു പ്രമുഖ മാധ്യമ മുതലാളിയും തമ്മിലുള്ള കുടംബ ബന്ധം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയാണ് ആ ഖര്‍വാപസിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അങ്ങിനെ ഇരുപത് മാസം കഴിഞ്ഞപ്പോള്‍ ആദ്യ നായനാര്‍ സര്‍ക്കാരിനെ പൊളിച്ച് താഴെയിട്ട് ആന്റണി തറവാട്ടിലേക്ക് മടങ്ങി.
ലയനത്തിന് ശേഷം രണ്ട് കൊല്ലം കരുണാകരന്റെ ആട്ടും തുപ്പുമേറ്റ് കഴിഞ്ഞില്ലെങ്കിലും ഇന്ദിരാഗാന്ധി ഇടപെട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറിയാക്കിയതോടെ വീണ്ടും ഭാഗ്യം തെളിഞ്ഞു. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധി കോണ്‍ഗ്രസ്‌ നേതൃസ്ഥാനത്തേക്ക് എത്തിയപ്പോഴാണ് ആന്റണിയുടെ ഭാഗ്യം വീണ്ടും തെളിയാന്‍ തുടങ്ങിയത്. അങ്ങിനെ 1987 ല്‍ വീണ്ടും ആന്റണി കെ പി സി സി പ്രസിഡന്റായി. കരുണാകരന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ആന്റണിയെ രാജീവ് ഗാന്ധി കെ പി സി സി പ്രസിഡന്റാക്കിയത്. എന്നാല്‍ 1991 ലെ രാജീവ് ഗാന്ധിയുടെ ദാരുണ കൊലപാതകം ആന്റണിയുടെ കണക്കുകൂട്ടല്‍ വീണ്ടും തെറ്റിച്ചു. നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന് കിംഗ് മേക്കര്‍ ആയ കെ കരുണാകരന്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ആന്റണിയെയും സംഘത്തെയും തേച്ച് കഴുകി. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ ആത്മസുഹൃത്തായ വയലാര്‍ രവിയോട് 19 വോട്ടുകള്‍ക്ക് തോറ്റു. അങ്ങിനെ ആന്റണി യുഗം കേരളത്തില്‍ അവസാനിച്ചുവെന്ന് ചിലരെങ്കിലും കരുതി. എന്നാല്‍ ഐ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അര്‍ജ്ജുന്‍സിംഗിന് പിറകേ രണ്ടാമനായി ജയിച്ചത് ആന്റണിയെ ദേശീയ തലത്തില്‍ വീണ്ടും കാലുറപ്പിക്കാന്‍ സഹായിച്ചു. 1992 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ കേന്ദ്ര പൊതുഭരണ വകുപ്പ് മന്ത്രിയായി. അവിടെ നിന്നങ്ങോട്ട് ആന്റണിയുടെ തേരോട്ടം വീണ്ടും തുടങ്ങുകയായിരുന്നു.
കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരെ പടനീക്കം ശക്തമായി തന്നെ നടക്കുന്നുണ്ടായിരുന്നു, ഇതിനെല്ലാം ആന്റണിയുടെ അനുഗ്രഹാശിസുകളുമുണ്ടായിരുന്നു. അവസാനം ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസ് തനിക്കെതിരെ തിരിഞ്ഞപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ലീഡർക്കായില്ല. പഞ്ചസാര ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആന്റണി അപ്പോഴേക്കും കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ച് കേരളത്തിലേക്ക് വരാന്‍ കച്ച കെട്ടിയിരിക്കുകയായിരുന്നു. നരസിംഹറാവുവിന്റെ പിന്തുണയോടെ ആന്റണി കരുണാകരനെ തളച്ചു. പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം എ കെ ആന്റണി വീണ്ടും കേരള മുഖ്യമന്ത്രിയുടെ കസേരയിലമര്‍ന്നു.
2001 ല്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും മുഖ്യമന്ത്രിയായതും മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കി കരുണാകരനോട് രമ്യതയില്‍ പോകാന്‍ ശ്രമിച്ചതും കരുണാകരന്‍ എല്ലാ കുളമാക്കിയതും, പിന്നെ ഡല്‍ഹിയില്‍ വീണ്ടും ചേക്കേറി സോണിയാ ഗാന്ധിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായതും രണ്ട് യു പി എ സര്‍ക്കാരുകളുടെ നടുനായകത്വം വഹിച്ചതുമെല്ലാം ചരിത്രം. ബി ജെ പിക്കും നരേന്ദ്ര മോദിക്കുമെതിരെ വാ തുറന്ന് ഒരക്ഷരം പോലും ഇതുവരെ ഉരിയാടാതിരുന്ന ഏക കോണ്‍ഗ്രസ് ദേശീയ നേതാവും എ കെ ആന്റണി മാത്രം. മോദിക്കും സോണിയക്കും ഒരേ പോലെ പ്രിയങ്കരനായ കോണ്‍ഗ്രസ് നേതാവാകാന്‍ അറക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിക്ക് മാത്രമേ സാധിക്കൂ. അത് കൊണ്ടാണ് എ കെ ആന്റണി ഒരു നേതാവ് മാത്രമല്ല ഒരു പ്രതിഭാസമാണെന്ന് വിമര്‍ശകരും അനുയായികളും ഒരു പോലെ പറയുന്നത്.
ഒരു യുദ്ധവും നയിക്കാതെ മഹാ വിജയങ്ങള്‍ നേടിയ നേതാവാണ് എ കെ ആന്റണി. ആന്റണി മനസാ വാചാ പോലും അറിയാത്ത സമരങ്ങളുടെ നേതൃസ്ഥാനവും ആന്റണിയില്‍ വന്ന് വീണു. വിമോചനസമര നായകന്‍ എന്ന് എ കെ ആന്റണിയെ വിളിക്കാറുണ്ട്, എന്നാല്‍ ഏത് സമരമാണ് അക്കാലത്ത് അദ്ദേഹം നയിച്ചതെന്ന് അക്കാലത്താര്‍ക്കും അറിയില്ല, ഒരണ സമരത്തിന്റെയും വെളുത്തുള്ളിക്കായല്‍ സമരത്തിന്റെയും നേതൃത്വവും എ കെ ആന്റണിയുടെ അക്കൗണ്ടില്‍ എഴുതിയവരുണ്ട്. എന്നാല്‍ ആ സമരം നയിച്ചതും അദ്ദേഹമായിരുന്നില്ല എന്ന് വയലാര്‍ രവി മുതല്‍ ആന്റണിയെക്കുറിച്ച് കാഴ്ചക്കപ്പുറം ആന്റണി എന്ന ഏറ്റവും വിമര്‍ശനാത്മകമായ പുസ്തകമെഴുതി പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ എസ് സൂധീശന്‍ വരെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ എസ് യുവിന്റെ സ്ഥാപന നേതാവ് എന്ന ആന്റണിയെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ കെ എസ് യു രൂപീകരണത്തിലും, 1958 ലെ കൊല്ലത്ത് നടന്ന ആദ്യ സമ്മേളനത്തിലും ആന്റണി ആ പരിസരത്ത് പോലും ഉണ്ടായിട്ടില്ലെന്ന് സംഘടനയുടെ സ്ഥാപക നേതാക്കളായ ജോര്‍ജ്ജ തരകനും വയലാര്‍ രവിയും, എ എ സമദും, എ ഡി രാജനുമെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ 1964 ലെ സംസ്ഥാന സമ്മേളനത്തില്‍ കെ എസ് യു പ്രസിഡന്റാകേണ്ടിയിരുന്നത് തലശേരിയില്‍ നിന്നുള്ള മോഹന്‍ദാസായിരുന്നു, പി ടി ചാക്കോ മരിച്ചത് കൊണ്ട് സംസ്ഥാന സമ്മേളനം മാറ്റിവെച്ചിരിക്കുമെന്ന് വിചാരിച്ച് മലബാറിലെ പ്രതിനിധികള്‍ ആരും എത്തിയില്ല, അങ്ങിനെ ആ ഗ്യാപ്പില്‍ ആന്റണി കെ എസ് യു പ്രസിഡന്റായി.
1967 ല്‍ രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് കെ എസ് യു പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ അരങ്ങേറി, പൊലീസ് അതിക്രമത്തില്‍ കാസർഗോഡും എറണാകുളത്തും മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ആന്റണി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടക്കുന്നത്. ഇതറിഞ്ഞ ആന്റണി തന്റെ വക്കീല്‍ കോട്ടൂരി അവിടെ എത്തുമ്പോള്‍ കോളജില്‍ മുഴുവന്‍ ചോര തളം കെട്ടിക്കിടക്കുന്നു. കേരള രാഷ്ട്രീയം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കിയ എ കെ ആന്റണി അന്ന് ഊരിയ കോട്ട് പിന്നെ ഇട്ടട്ടില്ല.. 1970 ല്‍ ചേര്‍ത്തല നിന്ന് നിയമസഭയില്‍ എത്തി. 1972 ല്‍ കെ കെ വിശ്വനാഥന്‍ കെ പി സി സി പ്രസിഡന്റായപ്പോള്‍ വയലാര്‍രവി ജനറല്‍ സെക്രട്ടറിയാകുമെന്നെല്ലാവരും കരുതി, പക്ഷെ കൃത്യമായ കരുക്കള്‍ നീക്കി ആന്റണി ആ സ്ഥാനത്തെത്തി. 1973 ല്‍ വിശ്വനാഥന്‍ വക്കീല്‍ ഗുജറാത്ത് ഗവര്‍ണർ ആയിപ്പോയപ്പോള്‍ 33 കാരനായ ആന്റണി കെ പി സി സി പ്രസിഡന്റായി, ആന്റണിയെ സംബന്ധിടത്തോളം ഒരു പൂ കൊഴിയുന്ന ലാഘവത്തോടെയാണ് ഇതെല്ലാം നേടിയത്. രാജന്‍ കേസിനെ തുടര്‍ന്ന് കെ കരുണകാരന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. അന്ന് ആന്റണി എം എല്‍ എ പോലുമല്ലാതിരുന്നു. അടുത്ത മുഖ്യമന്ത്രിയായി വരദരാജന്‍ നായരുടെയും കെ ജി അടിയോടിയുടെയും പേരാണ് അന്തരീക്ഷത്തില്‍ ഉയര്‍ന്ന് കേട്ടത്. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആളായ എത്തിയ ബ്രഹ്‌മനാന്ദ റെഡ്ഡി എല്ലാവരുടെയും ചെവിയില്‍ പറഞ്ഞു. മുഖ്യമന്ത്രി എ കെ ആന്റണി തന്നെ, അവിടെയും മണ്ണും ചാരി നിന്ന് ആന്റണി കാര്യം നടത്തി.
1995 ല്‍ കെ കരുണാകരന്‍ മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമെന്ന് കരുതിയവരായിരുന്നു ഏറേ, പക്ഷെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ രായ്ക് രാമാനം പറന്നെത്തി ആന്റണി മുഖ്യമന്ത്രിക്കസേരയിലിരുന്നു. കേരളം മുഴുവന്‍ പാഞ്ഞ് നടന്ന് കരുണാകരനുമായി പടവെട്ടിയത് ഉമ്മന്‍ചാണ്ടി, പക്ഷെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ കയറിയതു ആന്റണി. ഇനി 2004 ല്‍ ഡല്‍ഹിയിലെത്തിയപ്പോഴോ, പ്രണബ് കുമാര്‍ മുഖര്‍ജി എന്ന അതുല്യനായ രാഷ്ട്രീയക്കാരനെ സോണിയക്ക് അ്ത്ര പഥ്യമല്ല. അതോടെ ആന്റണിയുടെ രാശി അവിടെയും തെളിഞ്ഞു. മന്‍മോഹന്‍സിംഗ് കഴിഞ്ഞാല്‍ കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമന്‍, സോണിയ ചിന്തിക്കുന്നതാണ് ആന്റണി പ്രവര്‍ത്തിക്കുന്നത് എന്നൊരു പ്രചാരണം തന്നെ അക്കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്നു.
എം എ ജോണ്‍ മുതല്‍ കടന്നപ്പള്ളിയും പി സി ചാക്കോയും എന്തിന് ഒരുകാലത്ത് തന്റെ മന:സാക്ഷിയായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ വരെ, ആന്റണി കൈകാര്യം ചെയ്ത് മൂലക്കിരുത്തിയ നേതാക്കള്‍ ഒട്ടനവധിയുണ്ട് കേരള രാഷ്ട്രീയത്തില്‍. അതില്‍ നിന്ന് വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടത് ഉമ്മന്‍ചാണ്ടി മാത്രമാണ്. മുസ്‌ലിം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും തന്റെ കൂടെ നിര്‍ത്തി ബുദ്ധി പരമായി കളിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞത് കൊണ്ടാണ് അദ്ദേഹം ആന്റണിയുടെ കൊടുവാള്‍ പ്രയോഗത്തില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടത്.

ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയക്കാരിൽ ഒരാളാണ് എ കെ ആന്റണി, തനിക്ക് എന്ത് വേണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം, അത് എങ്ങിനെ കൈക്കലാക്കണമെന്നും അറിയാം, ആവശ്യമുള്ളയിടത്ത് ആദര്‍ശവാനായും, അത് വേണ്ടാത്തിടത്ത് തികഞ്ഞ പ്രായോഗികവാദിയായും അദ്ദേഹം വേഷമിടും. ഇപ്പോള്‍ രാജ്യസഭാ സീറ്റ് വേണ്ടെന്നെ അദ്ദേഹം പറഞ്ഞിട്ടുളളു, അതിന് പകരം അദ്ദേഹം എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് നമുക്ക് വഴിയേ അറിയാം. 28 വയസുമുതല്‍ 83 വരെ ഒരു പദവിയുമില്ലാതെ ഏ കെ ആന്റണി ഇരുന്നിട്ടുള്ള് കേവലം 3 വര്‍ഷം മാത്രമാണ് എന്നോര്‍ക്കുക. തനിക്ക് വേണ്ടത് വേണ്ട സമയത്ത് അദ്ദഹം നേടിയിരിക്കും. തന്റെ പ്രസക്തി നഷ്ടപ്പെടാൻ താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടാണ് അദ്ദേഹത്തിനെന്നും, എം ടിയുടെ നോവലായ കാലത്തിലെ സുമിത്ര എന്ന കഥാപാത്രം കാമുകനായിരുന്ന സേതുവിനോട് പറയുന്ന ഒരു വാചകമുണ്ട്, സേതൂന് എന്നും സേതൂനോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു, അത് പോലെ ആന്റണിക്ക് എന്നും ആന്റണിയോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു.