കോണ്‍ഗ്രസെന്ന് പറഞ്ഞ് എതിരാളിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ജനം അംഗീകരിക്കില്ല: കെ.വി തോമസിന് എതിരെ ആന്റണി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. കോണ്‍ഗ്രസ്സുകാരനാണെന്ന് പറഞ്ഞു നടന്നിട്ട് എതിരാളിയ്ക്കായി പ്രവര്‍ത്തിച്ചാല്‍ ജനം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.വി.തോമസിന്റെ നിലപാട് മാറ്റം എല്‍ഡിഎഫിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. താന്‍ എന്നും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തന്നെ യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ല. നേതൃത്വം ഒരു കാര്യവും തന്നോട് പറയുന്നില്ലെന്നുമാണ് കെ വി തോമസ് പറഞ്ഞിരുന്നത്.

Read more

കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെ.വി.തോമസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസുകളില്‍ ഇനി ഇടമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മെയ് 31നാണ് തിരഞ്ഞെടുപ്പ്. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.