കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് പാകിസ്ഥാന്‍ സൈന്യം നീക്കം നിര്‍ത്തിയത്. ചര്‍ച്ച നടന്നത് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒ തലത്തില്‍ മാത്രമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ തളളിയ ഇന്ത്യ വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
അമേരിക്ക നടത്തിയ സംഭാഷണത്തില്‍ വ്യാപാരം ചര്‍ച്ചയായിട്ടില്ല. പാകിസ്ഥാന്റെ ആണവായുധ ഭീഷണി ഇന്ത്യയുടെ അടുത്ത് വിലപ്പോവില്ല. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ഇന്ത്യ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ആരാണ് ടിആര്‍എഫ് എന്ന സംഘടനയെ നിയന്ത്രിച്ചതെന്നതിന് തെളിവുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ തന്നെയാണ് അവരെ നിയന്ത്രിച്ചത്. പാകിസ്ഥാനാണ് സംഘര്‍ഷം തീര്‍ക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത്. വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണം അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയല്ല . സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ച മാത്രമാണ് അതിലേക്ക് നയിച്ചതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Read more
ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ മെയ് ഏഴ് മുതല്‍ വെടിനിര്‍ത്തല്‍ ധാരണയായ മെയ് പത്ത് വരെ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മെയ് 10ന് രാവിലെ പാക് വ്യോമത്താവളങ്ങള്‍ പലതും തകര്‍ന്നതിനാലാണ് പാകിസ്ഥാന്‍ ഇങ്ങോട്ട് ചര്‍ച്ചയ്ക്ക് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടും. രണ്ട് വര്‍ഷം മുന്‍പ് ടിആര്‍എഫിനെക്കുറിച്ച് യുഎന്നിന് മുന്‍പില്‍ ഇന്ത്യ തെളിവ് നല്‍കിയതാണ്. ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ട്. അവയെല്ലാം സമഗ്രമായി കൈമാറുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.