ബി.ജെ.പി തല്ലിത്തകര്‍ത്തതെന്ന് ആരോപിക്കപ്പെടുന്ന വിദ്യാസാഗറിന്റെ പ്രതിമ അവിടെ തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് മോദി!!

ഒമ്പത് മണ്ഡലങ്ങളിലെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായി ബംഗാളില്‍ ബിജെപി- തൃണമൂല്‍ കോണ്‍ പോര് അതിതീവ്രമായി തുടരുമ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയുമായി ബിജെപി. തൃണമൂല്‍ ഗുണ്ടകള്‍ നശിപ്പിച്ച ബംഗാളി നവോത്ഥാന നേതാവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്ക് പകരം അതേ സ്ഥലത്ത് പുതിയത് സ്ഥാപിക്കുമെന്നാണ് ഇന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്.

ഇന്നലെ അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിലുണ്ടായ അക്രമത്തെ തുടര്‍ന്നാണ് കൊല്‍ക്കത്ത സര്‍വ്വകലാശാലയിലെ വിദ്യാസാഗര്‍ കോളജിലെ കാമ്പസില്‍ പ്രതിമ തകര്‍ന്നത്. കാമ്പസിലേക്ക് ഇരച്ച് കയറിയ ബിജെപി പ്രവര്‍ത്തകര്‍ പ്രതിമ നശിപ്പിക്കുകയായിരുന്നുവെന്ന് വീഡിയോ സഹിതം ഇന്നലെ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയിന്‍ പത്രസമ്മേനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് തൃണമൂല്‍ തകര്‍ത്ത പ്രതിമ പുനഃസ്ഥാപിക്കുമെന്ന മോദിയുടെ പ്രഖ്യാപനം.ബംഗാള്‍ ജനത രവീന്ദ്ര നാഥ ടാഗോറിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെ ആരാധിക്കുന്ന ദേശീയ നേതാവാണ് ഈശ്വര ചന്ദ്ര വിദ്യാ സാഗര്‍. 19-ാം നൂറ്റാണ്ടില്‍ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ രാജാറാം മോഹന്‍ റായുടെ പിന്‍ഗാമി. പ്രതിമ ഒരു രാഷ്ട്രീയ വിഷയമായതോടെ വോട്ട് ലക്ഷ്യമാക്കുകയാണ് ഇരു പാര്‍ട്ടികളും.