കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിൽ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി. യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സംവാദത്തിൽ ഒരു സിഖ് യുവാവിന്റെ ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം.
“ഞാൻ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ “തെറ്റുകൾ” പലതും സംഭവിച്ചത്, എന്നാൽ കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിൽ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. “ഇന്ത്യയിലെ പോരാട്ടം ഒരു സിഖുകാരന് തലപ്പാവ് ധരിക്കാൻ അനുവദിക്കുമോ, ഒരു സിഖുകാരന് കട ധരിക്കാൻ അനുവദിക്കുമോ അതോ ഗുരുദ്വാരയിൽ പോകാൻ അനുവദിക്കുമോ എന്നതിനെക്കുറിച്ചാണ്” എന്ന് രാഹുൽ മുൻപ് പറഞ്ഞ പ്രസ്താവനയെക്കുറിച്ചും ചോദ്യം ഉയർന്നു.
“ബിജെപി എങ്ങനെയിരിക്കുമെന്ന് നിങ്ങൾ സിഖുകാർക്കിടയിൽ ഒരു ഭയം സൃഷ്ടിക്കുന്നു, രാഷ്ട്രീയം എങ്ങനെ ഭയരഹിതമായിരിക്കണമെന്ന് നിങ്ങൾ സംസാരിച്ചു, കടകൾ ധരിക്കാൻ മാത്രമല്ല, തലപ്പാവ് കെട്ടാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾ ആഗ്രഹിക്കുന്നു, ഇതൊന്നും മുൻപ് കോൺഗ്രസ് പാർട്ടിക്ക് കീഴിലും അനുവദിച്ചിട്ടില്ല,” എന്ന് സിഖ് യുവാവ് രാഹുലിനോട് പറഞ്ഞു.
അതിനുള്ള മറുപടിയായി, സിഖുകാരെ ഒന്നും ഭയപ്പെടുത്തുന്നതായി താൻ കരുതുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ആളുകൾക്ക് അവരുടെ മതം പ്രകടിപ്പിക്കാൻ അസ്വസ്ഥതയുള്ള ഒരു ഇന്ത്യ നമുക്ക് വേണോ എന്നതായിരുന്നു ഞാൻ നടത്തിയ പ്രസ്താവന. 80 കളിൽ സംഭവിച്ചത് തെറ്റാണെന്ന് ഞാൻ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്, ഞാൻ നിരവധി തവണ സുവർണ്ണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്, ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്”- രാഹുൽ മറുപടി നൽകി.