ബ്രിജ് ഭൂഷണ്‍ മാറിനില്‍ക്കും; ഗുസ്തി താരങ്ങളുടെ സമരം അവസാനിപ്പിച്ചു

ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണമുന്നയിച്ച് ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. താരങ്ങള്‍ കേന്ദ്രകായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി രാത്രി വൈകിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മേല്‍നോട്ടസമിതി രൂപീകരിച്ചു. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ്‍ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കും. ഈകാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമിതി നിര്‍വഹിക്കും.

സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കും. സമിതി അംഗങ്ങളെ ശനിയാഴ്ച പ്രഖ്യാപിക്കും. ജന്തര്‍മന്തറില്‍ മൂന്നുദിവസമായി പ്രതിഷേധിക്കുന്ന താരങ്ങളെ ഒരുമിച്ചിരുത്തിയാണ് കേന്ദ്ര കായിക മന്ത്രി മാധ്യമങ്ങളെ കണ്ടത്.

ഉന്നയിച്ച പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സമരനേതാവായ ബജ്റംഗ് പുനിയ പറഞ്ഞു. സമരം പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചു.