ഹത്രാസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍; മുംബൈ ആസ്ഥാനമായ പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചു

ഉത്തര്‍പ്രദേശിലെ ഹത്രാസ് വിഷയത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനായി പി.ആര്‍ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മാധ്യമങ്ങളെ അറിയിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സെപ്റ്റ് പി.ആര്‍ എന്ന കമ്പനിയെയാണ് വിദേശ മാധ്യമങ്ങളുമായി ആശയവിനിമയം നടത്താനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വാര്‍ത്താക്കുറിപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമങ്ങളുടെ ബ്യൂറോകള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇത് സാധൂകരിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പി.ആര്‍.ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യമെങ്ങും ഈ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ആഗോളതലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനുളള യോഗി ആദിത്യനാഥിന്റെ ശ്രമം.

അതേസമയം ഉത്തർപ്രദേശ്​ ഡി.ജി.പി ഇന്ന്​ സ്ഥലത്തെത്തും. യു.പി ഡി.ജി.പി ഹിതേഷ്​ ചന്ദ്ര അശ്വതി ആഭ്യന്തര വകുപ്പ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി അവാനിഷ്​ അശ്വതിക്കൊപ്പമാണ്​ ഹത്രാസിലെത്തുക. ഹത്രാസിലെ കൂട്ടബലാത്സംഗ കൊലക്ക്​ പിന്നാലെ ഗ്രാമത്തിലേക്ക്​ ആരെയും കടത്തി വിടാതെ പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ്​ ഒറ്റപ്പെടുത്തിയെന്നും ​കുടുംബാംഗങ്ങളുടെ ഫോൺ ഉൾപ്പെടെ പിടിച്ചു വാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ്​ ഡി.ജി.പി നേരിട്ട്​ സ്ഥലത്തെത്തുന്നത്​.

പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പുലർച്ചെ തന്നെ ദഹിപ്പിച്ച പൊലീസ്​ നടപടിക്കെതിരെയും രൂക്ഷ വിമർശനമുയർന്നിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹാബാദ്​ ഹൈക്കോടതി പൊലീസ്​ ഉദ്യോഗസ്ഥരെ നേരിട്ട്​ വിളിപ്പിക്കുകയും ചെയ്​തിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ഉത്തർപ്രദേശ്​ ആഭ്യന്തര വകുപ്പ്​ പൊലീസ്​ സൂപ്രണ്ട്​ ഉൾപ്പെടെ അഞ്ചു പേരെ സസ്പെൻഡ്​ ചെയ്​തു.