സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ യു.പി സർക്കാർ പ്രതിജ്ഞാബദ്ധമാണ്: യോഗി ആദിത്യനാഥ്

 

ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയും വികസനവും ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമാണ് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും ഈ കേസ് യു.പി പൊലീസ് കൈകാര്യം ചെയ്ത രീതിയിലും യോഗി ആദിത്യനാഥ് സർക്കാർ രൂക്ഷമായ വിമർശനം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

“യു.പിയിലെ അമ്മമാരെയും പെൺമക്കളെയും ദ്രോഹിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരുടെ പോലും നാശം ഉറപ്പാണ്. ഭാവിയിൽ മാതൃകയാവുന്ന തരത്തിലുള്ള ശിക്ഷ ആയിരിക്കും അവർക്ക് ലഭിക്കുക. എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയും സംരക്ഷണവും വികസനവും ഉറപ്പു വരുത്താൻ യുപി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് ഞങ്ങളുടെ പ്രതിബദ്ധതയും വാഗ്ദാനവുമാണ്, ” യോഗി ആദിത്യനാഥ് പറഞ്ഞു.

യു.പിയിൽ സ്ത്രീകൾക്കെതിരായ അതിക്രൂരമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്. സെപ്റ്റംബർ 14- ന് സംഭവിച്ച ഹത്രാസ് ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിൽ മാത്രം, കുറഞ്ഞത് രണ്ട് മറ്റ് ആക്രമണങ്ങളും ബലാത്സംഗങ്ങളും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ ഒന്നിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയും ആക്രമിക്കപ്പെട്ടു.