അസത്യം അധികകാലം നീണ്ടുനില്‍ക്കില്ല; രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

 

പാര്‍ട്ടി കടുത്ത പ്രതിസന്ധിയെ നേരിടുമ്പോള്‍ നേപ്പാളില്‍ നിശാക്ലബില്‍ അടിച്ചുപൊളിക്കുന്ന രാഹുല്‍ ഗാന്ധിയെന്ന ബി.ജെ.പി പ്രചാരണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ പങ്കെടുത്ത പരിപാടിയുടെ വിഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ്. നേപ്പാളില്‍ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതിന്റെ വിഡിയോ ആണ് തമിഴ്നാട്ടില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”സംഘികളുടെ വിനീതമായ ശ്രദ്ധയിലേക്കായി. അസത്യം അധികം നീണ്ടുനില്‍ക്കില്ല. സത്യം ജയിക്കും.” എന്ന അടിക്കുറിപ്പോടെയാണ് മാണിക്കം വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ വിവാഹവസ്ത്രം ധരിച്ച് രാഹുല്‍ ഗാന്ധി വിദേശികളടങ്ങുന്ന അതിഥികള്‍ക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. വിവാഹത്തിന്റെ ഭാഗമായ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ എല്ലാവര്‍ക്കുമൊപ്പം കൈയടിച്ച് പങ്കുചേരുന്നുമുണ്ട് അദ്ദേഹം

ദിവസങ്ങള്‍ക്കുമുന്‍പാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ നിശാക്ലബില്‍നിന്നെന്നു പറഞ്ഞ് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് ഏറ്റുപിടിച്ച് വലിയ തോതിലുള്ള പ്രചാരണമാണ് ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്.