ജീവിക്കാനുള്ള അവകാശം എല്ലാ ജീവികള്‍ക്കുമുണ്ട്; ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളുടെ ബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഇന്നലെയാണ് ഹൈകോടതി അതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കണമെന്നും ഹൈകോടതി.

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാഥമിക അവകാശങ്ങള്‍ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിന്‍ദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യര്‍ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു.

ആരാധനക്കായി മൃഗങ്ങളെയും പക്ഷികളെയും ബലികൊടുക്കുന്നതിന് മതത്തില്‍ പ്രധാന്യമില്ലെങ്കില്‍ അതും ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണ്.

മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍ സുഭാഷ് ഭട്ടാചാര്‍ജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ത്രിപുര ഹൈക്കോടതിയുടെ സുപ്രധാന വിധി. മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രം, ചതുര്‍ ദാസ് ദേവത ക്ഷേത്രം എന്നിവിടങ്ങളില്‍ നടത്തുന്ന മൃഗബലികളെ എതിര്‍ത്തായിരുന്നു ഹര്‍ജി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഒരു ആടിനെ ബലിയര്‍പ്പിക്കുന്നുണ്ടെന്നും പ്രത്യേക അവസരങ്ങളില്‍ നിരവധി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.