മോഷണത്തിന് ശേഷം കടയ്ക്കുള്ളില്‍ നൃത്തച്ചുവടുകളുമായി കള്ളന്‍; വീഡിയോ

മോഷണങ്ങളും അതിനോടനുബന്ധിച്ചുള്ള പല സംഭവ വികാസങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ ഇപ്പോള്‍ വൈറലാകുന്നത്. മോഷണത്തിന് ശേഷം കടയിലെ സിസിടിവിയില്‍ നോക്കി സന്തോഷ പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന കള്ളന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഏപ്രില്‍ 16നാണ് സംഭവം. ഒരു ഹാര്‍ഡ് വെയര്‍ കടയിലാണ് മോഷ്ടാവ് കയറിയത്. ആദ്യം അവിടുത്തെ ക്യാഷ് കൗണ്ടറില്‍ നിന്ന് പണമെടുത്തു. ശേഷം ചുറ്റും നോക്കുമ്പോള്‍ സിസിടിവി ശ്രദ്ധയില്‍പ്പെടുകയും അതില്‍ നോക്കി നൃത്തം ചെയ്യുകയുമായിരുന്നു.

അന്‍ഷു സിംഗ് എന്നയാളുടെ കടയിലാണ് മോഷണം നടന്നത്. രാവിലെ അന്‍ഷുവെത്തി കട തുറക്കാന്‍ നോക്കിയപ്പോള്‍ ഷട്ടര്‍ തകര്‍ത്ത നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടതായും കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് നൃത്തം ചെയ്യുന്ന കള്ളനെ കാണുന്നത്. തുണി ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. കടയുടമ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.