പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ വിശ്രമമില്ല; മൂന്നാമങ്കത്തിന് തയ്യാറെന്ന സൂചനയുമായി നരേന്ദ്രമോദി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കാതെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബറോച്ചിലെ ഉത്കര്‍ഷ് സമാരോഹ് എന്ന പൊതുപരിപാടിയില്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

താന്‍ ഒരിക്കല്‍ രാഷ്ട്രീയത്തില്‍ തന്റെ എതിരാളിയായ ഒരു മുതിര്‍ന്ന നേതാവിനെ കണ്ടു. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. രാജ്യം നിങ്ങളെ രണ്ടു തവണ പ്രധാനമന്ത്രിയാക്കിയെന്നും ഇനി എന്താണ് ചെയ്യാനുള്ളതെന്നും അദ്ദേഹം ചോദിച്ചുവെന്നും മോദി പറഞ്ഞു. രണ്ടു തവണ പ്രധാനമന്ത്രിയായാല്‍ അയാള്‍ എല്ലാം നേടി എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍ നരേന്ദ്രമോദിയെ നിര്‍മ്മിച്ചിരിക്കുന്നത് മറ്റൊന്നുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഗുജറാത്ത് എന്ന മണ്ണാണ് തന്നെ രൂപപ്പെടുത്തിയത്. ഇതി വരെ സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ലക്ഷ്യം. അത് സാധ്യമാകുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

2014ലാണ് മോദി ആദ്യമായി പ്രധാനമന്ത്രിയായത്. അന്ന് രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യങ്ങള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാനായി. രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ് തന്‍രെ ലക്ഷ്യം. രാഷ്ട്രീയം കളിക്കാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.